/sathyam/media/media_files/22nCJMaGCDfiF1E9QVCa.jpg)
കുവൈറ്റ്: ഗൾഫ് മേഖലയിൽ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിൽ കുവൈത്തിൽ എയർപോർട്ടുകളിൽ ലാപ്‌ടോപ്പ്, ടാബ്ലറ്റ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ‘പവർ ഓൺ’ പരിശോധന തുടരാൻ അധികൃതർ തീരുമാനിച്ചു.
2014 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടപ്പിലാക്കിവരുന്ന ഈ നടപടി, എല്ലാ അന്താരാഷ്ട്ര റൂട്ടുകളിലും ഇപ്പോഴും ബാധകമാണ്. യാത്രക്കാരുടെ കൈയ്യിൽ കൊണ്ടുപോകുന്ന ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്നത് ഉറപ്പാക്കാനാണ് പരിശോധന.
ഡോഹ, അബുദാബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ 3D CT സ്‌കാനിംഗ് സംവിധാനം കൊണ്ടുവന്നതോടെ പരിശോധനാ നടപടികൾ ലഘൂകരിച്ചെങ്കിലും, കുവൈത്തിൽ ഇത് ശക്തമായും നിർബന്ധമായും തുടരുന്നു. ഓമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഹൈ റിസ്‌ക് റൂട്ടുകളിൽ മാത്രമാണ് സമാന പരിശോധന ഉള്ളത്.
പുതിയ ടെർമിനൽ 2-ൽ സുരക്ഷാ പരിശോധന കൂടുതൽ ആധുനികമാക്കുന്നതിനായി 70 എണ്ണം Hi-SCAN 6040 CTiX കംപ്യൂട്ടഡ് ടോമോഗ്രഫി എക്‌സ്-റേ സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയും അധികൃതർ തയ്യാറാക്കിയിട്ടുണ്ട്.
സുരക്ഷാ ഭീഷണികൾ ഒഴിവാക്കുന്നതിനുള്ള നിർണായക നടപടിയായി ‘പവർ ഓൺ ടെസ്റ്റ്’ കുവൈത്തിൽ അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.