/sathyam/media/media_files/2025/07/05/kuwait1-untitledisreltrm-2025-07-05-15-03-13.jpg)
കുവൈറ്റ്: വിനോദസഞ്ചാര മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി 'വിസിറ്റ് കുവൈറ്റ്' എന്ന പേരിൽ ഒരു പുതിയ പ്ലാറ്റ്ഫോം നവംബർ 1, 2025-ന് ആരംഭിക്കുമെന്ന് വാർത്താ വിതരണ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ-മുതൈരി അറിയിച്ചു.
കഴിഞ്ഞ ദിവസം ശൈഖ് ജാബർ അൽ അഹമ്മദ് കൾട്ടറൽ സെന്ററിൽ ലീഡർ ഷിപ് ബൈ വിൽ എന്ന ദേശിയ കാമ്പയിനിന്റെ ഭാഗമായി നടന്ന പരിപാടിയുടെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സംരംഭം രാജ്യത്തിന്റെ വിനോദസഞ്ചാരത്തിന് ഒരു പുതിയ ഊർജ്ജം നൽകുമെന്നും, കുവൈറ്റ് വിഷൻ 2035-ന്റെ ഭാഗമായി ഇത് വിഭാവനം ചെയ്യപ്പെട്ട ഒരു സമഗ്ര പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഏകീകൃത ദേശീയ കാഴ്ചപ്പാടാണ് ഈ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നത്.
'വിസിറ്റ് കുവൈറ്റ്' പ്ലാറ്റ്‌ഫോം ഇ-വിസകൾ, പരിപാടികളുടെ വിവരങ്ങൾ, സാംസ്കാരിക പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ സംയോജിപ്പിക്കും.
ആധുനികവും ഊർജ്ജസ്വലവുമായ ഒരു ആഗോള ടൂറിസം കേന്ദ്രമായി കുവൈറ്റിനെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളുടെ ഒരു പ്രധാന ഭാഗമാണ് ഈ പ്ലാറ്റ്ഫോം. ഇത് രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യ വൽക്കരണത്തിനും സാംസ്കാരിക വിനിമയങ്ങൾക്കും സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പോർട്ടലിലൂടെ വിനോദസഞ്ചാരികൾക്ക് ഇ–വിസ, ഇന്ററാക്ടീവ് മാപ്പ്, യാത്രാ സൗകര്യങ്ങൾ, ഓഫറുകൾ, സ്മാർട്ട് അസിസ്റ്റന്റ് “റാഷിദ്” എന്നിവ ലഭ്യമാകും. കുവൈത്തിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഗതാഗതം, വിനോദം, കായികം തുടങ്ങിയ മേഖലകളിൽ സ്വകാര്യ മേഖലയും സർക്കാരും ചേർന്ന് വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനുള്ള വാതിൽ തുറക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സാംസ്‌കാരിക–കലാ വൈവിധ്യവും വിനോദസഞ്ചാര ശേഷിയും ആഗോള തലത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് പദ്ധതി. യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, ലോകത്തിന് മുന്നിൽ കുവൈത്തിന്റെ സൗഹൃദപരമായ മുഖച്ഛായ ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യം.