കുവൈറ്റില്‍ സ്കൂൾ പരിപാടികളുടെ പേരിൽ വിദ്യാഭ്യാസ നിയമങ്ങളും മന്ത്രിതല നിർദ്ദേശങ്ങളും ലംഘിച്ചതിന് സ്കൂൾ അധികൃതരെ സസ്പെൻഡ് ചെയ്തു.

അംഗീകൃത വിദ്യാഭ്യാസ ചട്ടക്കൂടിന് പുറത്തുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്.

New Update
education

കുവൈത്ത്: സ്കൂൾ പരിപാടികളുടെ പേരിൽ വിദ്യാഭ്യാസ നിയമങ്ങളും മന്ത്രിതല നിർദ്ദേശങ്ങളും ലംഘിച്ചതിന് വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ സയിദ് ജലാൽ അൽ-തബ്തബായി ചില സ്കൂൾ അധികൃതരെ സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രാലയം അറിയിച്ചു.

Advertisment

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്താവനപ്രകാരം, അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ സ്കൂൾ പ്രിൻസിപ്പൽമാരെയും കരിക്കുലം അധ്യാപകരെയും ഉൾപ്പെടെ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുന്നു.


വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും നിയമാനുസൃത പ്രവർത്തനവും ഉറപ്പാക്കുന്നതിൽ മന്ത്രാലയം വിട്ടുവീഴ്ച ചെയ്യില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. അംഗീകൃത ചട്ടങ്ങൾ ലംഘിക്കുന്നതോ നിർദ്ദേശങ്ങൾ അവഗണിക്കുന്നതോ ആയ നടപടികൾക്കെതിരെ കർശനമായ നടപടി തുടരുമെന്നും മുന്നറിയിപ്പ് നൽകി.

സ്കൂൾ പരിസരത്ത് ആഘോഷങ്ങളും മറ്റു പരിപാടികളും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട 2025-ലെ 135-ാം നമ്പർ മന്ത്രിതല തീരുമാനം ലംഘിക്കപ്പെട്ടതാണ് സംഭവത്തിന്റെ പശ്ചാത്തലം. വിദ്യാഭ്യാസ പ്രവർത്തന വിഭാഗങ്ങളുടെ മേൽനോട്ടമില്ലാതെ, മുൻകൂട്ടിയുള്ള ഔദ്യോഗിക അനുമതിയില്ലാതെ ഏത് പരിപാടിയും നടത്തുന്നത് ഈ തീരുമാനം വിലക്കുന്നു.


എല്ലാ സ്കൂളുകളും നിലവിലുള്ള നിയമങ്ങളും മന്ത്രിതല തീരുമാനങ്ങളും കർശനമായി പാലിക്കണമെന്നും, വിദ്യാഭ്യാസ ലക്ഷ്യങ്ങളുമായി യോജിച്ചും ദേശീയ താൽപ്പര്യങ്ങൾക്കുതകുന്നതുമായ പരിപാടികളാണ് അനുവദനീയമെന്നും മന്ത്രാലയം വ്യക്തമാക്കി.


അംഗീകൃത വിദ്യാഭ്യാസ ചട്ടക്കൂടിന് പുറത്തുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്.

Advertisment