/sathyam/media/media_files/2025/07/05/kuwait1-untitledisreltrm-2025-07-05-15-03-13.jpg)
കുവൈത്ത്: ഒക്ടോബർ 21 കുവൈത്തിലെ മുഴുവൻ പൊതു പാർക്കുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് തയ്യാറെടുക്കുന്നു.
പൊതു ഇടങ്ങളിലെ സുരക്ഷയും പൊതു സ്വത്തിന്റെ സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പാർക്കുകളിൽ എത്തുന്ന സന്ദർശകരെ നിരീക്ഷിക്കാനും, മോശമായ പെരുമാറ്റങ്ങളും പൊതുമുതൽ നശിപ്പിക്കുന്നതും തടയാനും ക്യാമറകൾ സ്ഥാപിക്കുന്നതിലൂടെ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അടുത്ത വർഷം പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള ബജറ്റ് അംഗീകാരത്തിനായി ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിരിക്കുകയാണെന്ന് അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.
പൊതു പാർക്കുകളുടെ പരിപാലനവും പരിസ്ഥിതി മെച്ചപ്പെടുത്തലും ലക്ഷ്യമിടുന്ന സമഗ്രമായ പദ്ധതിയുടെ ഭാഗമാണിത്.
ഷുവൈഖ് ബീച്ചിൽ നേരത്തെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചപ്പോൾ പൊതു സ്വത്തിന്റെ നശീകരണം കുറയ്ക്കാനും പരിസര ശുചിത്വം മെച്ചപ്പെടുത്താനും സാധിച്ചിരുന്നു.
ഈ വിജയകരമായ അനുഭവം മുൻനിർത്തിയാണ് രാജ്യത്തെ എല്ലാ പൊതു പാർക്കുകളിലും ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചതെന്നും അധികൃതർ വ്യക്തമാക്കി.