കുവൈത്തിൽ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം: 48 മണിക്കൂറിനുള്ളിൽ ചികിത്സ തേടിയെത്തിയത് 30 കുട്ടികൾ

രഹസ്യസ്വഭാവം: റിപ്പോർട്ട് ചെയ്യപ്പെടുന്ന കുട്ടികളുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും.

New Update
Untitled

കുവൈത്ത്: കുവൈത്തിൽ പുതുതായി നിലവിൽ വന്ന മയക്കുമരുന്ന് വിരുദ്ധ നിയമത്തിന് വൻ ജനപിന്തുണ. നിയമം പ്രാബല്യത്തിൽ വന്ന് വെറും 48 മണിക്കൂറിനകം ലഹരിക്ക് അടിമപ്പെട്ട 30 കുട്ടികളുടെ കുടുംബങ്ങളാണ് ചികിത്സയും സഹായവും തേടി അധികൃതരെ സമീപിച്ചത്.

Advertisment

ലഹരി ഉപയോഗിക്കുന്ന കുട്ടികളെക്കുറിച്ച് രക്ഷിതാക്കൾക്ക് തന്നെ ആഭ്യന്തര മന്ത്രാലയത്തിൽ വിവരം അറിയിക്കാമെന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നവരെ കുറ്റവാളികളായി കാണാതെ, ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കി കൃത്യമായ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം.

പുതിയ നിയമത്തിലെ പ്രധാന വശങ്ങൾ:

ശിക്ഷയില്ല, ചികിത്സ മാത്രം: ലഹരി ഉപയോഗിക്കുന്ന കുട്ടികളെക്കുറിച്ച് രക്ഷിതാക്കളോ ബന്ധുക്കളോ വിവരം അറിയിച്ചാൽ അവരെ ശിക്ഷിക്കില്ല. പകരം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും.

ആർക്കൊക്കെ റിപ്പോർട്ട് ചെയ്യാം?: ലഹരിക്ക് അടിമയായ കുട്ടിയുടെ മൂന്നാം തലമുറയിൽപ്പെട്ട ബന്ധുക്കൾക്ക് വരെ (മാതാപിതാക്കൾ, സഹോദരങ്ങൾ, മുത്തശ്ശിമാർ തുടങ്ങിയവർ) പബ്ലിക് പ്രോസിക്യൂഷനിൽ നേരിട്ട് വിവരം അറിയിക്കാവുന്നതാണ്.

രഹസ്യസ്വഭാവം: റിപ്പോർട്ട് ചെയ്യപ്പെടുന്ന കുട്ടികളുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും.

ക്ലീൻ റെക്കോർഡ്: ഇവരുടെ പേരിൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യില്ല. ഇത് കുട്ടികളുടെ ഉപരിപഠനത്തെയോ ഭാവിയിലുള്ള തൊഴിൽ സാധ്യതകളെയോ ബാധിക്കില്ലെന്ന് അധികൃതർ ഉറപ്പുനൽകുന്നു.

ലഹരിക്കെതിരായ പോരാട്ടത്തിൽ കുടുംബങ്ങളെ പങ്കാളികളാക്കുന്നതിലൂടെ വലിയൊരു സാമൂഹിക വിപത്തിനെ തുടച്ചുനീക്കാൻ സാധിക്കുമെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതീക്ഷ.

Advertisment