കുവൈത്തിൽ പള്ളികളിലെ ഇഫ്താറിന് പുതിയ നിയന്ത്രണങ്ങൾ; 7 നിബന്ധനകളുമായി മന്ത്രാലയം

പള്ളിയുടെ അങ്കണങ്ങളില്‍ മാത്രമേ നോമ്പുതുറ അനുവദിക്കൂ. ബാങ്ക് വിളിക്കുന്നതിന് 30 മിനിറ്റ് മുന്‍പ് മാത്രമേ വിരിപ്പുകള്‍ വിരിക്കാന്‍ പാടുള്ളൂ. ഇഫ്താര്‍ കഴിഞ്ഞ ഉടന്‍ ഇവ നീക്കം ചെയ്യണം.

New Update
Untitledisreltrm

കുവൈത്ത്: റമദാന്‍ മാസത്തില്‍ പള്ളികളില്‍ നടക്കുന്ന നോമ്പുതുറകള്‍ക്ക് കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

Advertisment

പള്ളികളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനൊപ്പം വിശ്വാസികളുടെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഴ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.


റമദാന്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ പള്ളികളിലും പരിസരങ്ങളിലും നടക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ സുരക്ഷിതവും ചിട്ടയോടെയും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. പള്ളിയുടെ അതിര്‍ത്തിക്കുള്ളില്‍ ഇഫ്താര്‍ ടെന്റുകള്‍ സ്ഥാപിക്കുന്നതിനും ടെന്റുകളിലേക്ക് പള്ളിയില്‍ നിന്ന് വൈദ്യുതി എടുക്കുന്നതിനും കര്‍ശന വിലക്കുണ്ട്.

പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്:

പള്ളികളില്‍ ഇഫ്താര്‍ വിരുന്ന് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ പള്ളിയിലെ ഇമാമുമായി കൂടിയാലോചിച്ച് ഭരണവിഭാഗത്തിന് ഔദ്യോഗിക അപേക്ഷ സമര്‍പ്പിച്ച് അനുമതി വാങ്ങിയിരിക്കണം.


പള്ളിയുടെ അങ്കണങ്ങളില്‍ മാത്രമേ നോമ്പുതുറ അനുവദിക്കൂ. ബാങ്ക് വിളിക്കുന്നതിന് 30 മിനിറ്റ് മുന്‍പ് മാത്രമേ വിരിപ്പുകള്‍ വിരിക്കാന്‍ പാടുള്ളൂ. ഇഫ്താര്‍ കഴിഞ്ഞ ഉടന്‍ ഇവ നീക്കം ചെയ്യണം.


ഇഫ്താര്‍ സംഘടിപ്പിക്കുന്നവര്‍ തന്നെ ഭക്ഷണ വിരിപ്പുകളും മാലിന്യം ശേഖരിക്കാനുള്ള ബാഗുകളും കരുതണം.

ബാക്കി വരുന്ന ഭക്ഷണവും മറ്റ് മാലിന്യങ്ങളും ശേഖരിച്ച് പള്ളിക്ക് പുറത്തുള്ള നിശ്ചിത മാലിന്യപ്പെട്ടികളില്‍ തന്നെ നിക്ഷേപിക്കണം.

ബാങ്ക് വിളിച്ച് 15 മിനിറ്റിനുള്ളില്‍ തന്നെ മഗ്രിബ് നമസ്‌കാരം ആരംഭിക്കണം.

പള്ളിയുടെ കോമ്പൗണ്ടിനുള്ളില്‍ ഇഫ്താര്‍ ടെന്റുകള്‍ സ്ഥാപിക്കാന്‍ അനുവാദമില്ല.

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി, പള്ളിയോട് ചേര്‍ന്ന് പുറത്ത് സ്ഥാപിക്കുന്ന ടെന്റുകളിലേക്ക് പള്ളിയില്‍ നിന്ന് വൈദ്യുതി കണക്ഷന്‍ നല്‍കുന്നത് കര്‍ശനമായി നിരോധിച്ചു.

Advertisment