/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈത്ത്: ഹമാസ് നേതാവ് ഇസ്മായീല്‍ ഹനിയ്യയുടെ കൊലപാതകവും അതെ തുടര്‍ന്ന് ഇസ്രയേലിനെതിരെ ഇറാന്റെ യുദ്ധഭീഷണിയും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഏതു സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി കുവൈത്ത്.
ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മില്‍ ആവശ്യമായ ഏകോപനമുണ്ടാക്കി കരുതല്‍ ഭക്ഷ്യ ശേഖരത്തിന്റെ സുരക്ഷയുള്‍പ്പെടെ ഉറപ്പുവരുത്തിയിട്ടുണ്ട്. സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യ നിവാസികള്‍ക്ക് നിശ്ചിത കാലത്തേയ്ക്ക് ഉപയോഗിക്കാനാവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ നിലവിലുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അടിസ്ഥാന സേവനങ്ങള്‍ ഉറപ്പാക്കല്‍, എല്ലാ ആവശ്യങ്ങളും പൂര്‍ത്തിയാക്കാനുള്ള സാമഗ്രികള്‍ ഉറപ്പുവരുത്തല്‍, ബിസിനസ് സംരംഭങ്ങളും സേവനങ്ങളും സുഗമമായി നടക്കുന്നതിനാവശ്യമായ സാഹചര്യം ഒരുക്കല്‍ തുടങ്ങി എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാവശ്യമായ എല്ലാം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൂടിയ കുവൈത്ത് മന്ത്രി സഭ മേഖലയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ അവലോകനം ചെയ്താണ് സ്ട്രാറ്റജി രൂപപ്പെടുത്തിയത്. സൈനിക, സുരക്ഷാ തലങ്ങളില്‍ ഉണ്ടായേക്കാവുന്ന എല്ലാ സാധ്യതകളെയും നേരിടാനുള്ള മുന്‍കരുതല്‍ നടപടികളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപെട്ടു സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ തയ്യാറെടുപ്പുകള്‍, അടിസ്ഥാന സേവനങ്ങള്‍ ഉറപ്പാക്കല്‍ , ഭക്ഷണവും മരുന്നും ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ ലഭ്യത എന്നീ കാര്യങ്ങളില്‍ മന്ത്രിസഭ തൃപ്തി രേഖപ്പെടുത്തി.
അതോടൊപ്പം മേഖലയില്‍ നടക്കുന്ന ദ്രുതഗതിയിലുള്ള സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ ചുറ്റുപാടുമുള്ള എല്ലാ സാഹചര്യങ്ങളെയും അപ്പപ്പോള്‍ വിലയിരുത്തി വരികയാണ്. രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us