/sathyam/media/media_files/8cMKwA1MU3cHVB6iud2p.jpg)
കുവൈറ്റ്: കുവൈത്തില്‍ ഗതാഗത നിയമങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തി കൊണ്ട് തയ്യാറാക്കിയ പുതിയ കരട് നിയമം പൂര്‍ത്തിയാക്കി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍- യൂസുഫിന്റെ അവലോകനത്തിനായി സമര്‍പ്പിച്ചു.
അടുത്ത ആഴ്ച ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ കരട് നിയമം അവതരിപ്പിച്ച് അംഗീകാരം ലഭിച്ച ശേഷം നിയമം പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് വിഭാഗം ആക്ടിംഗ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദ വ്യക്തമാക്കി.
ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.പുതിയ നിയമമനുസരിച്ച് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 70 ദിനാര്‍ ആയിരിക്കും പിഴ.
അശ്രദ്ധയോടെയും അവിവേകത്തോടെയും വാഹനം ഓടിച്ചാല്‍ കേസ് കോടതിയിലേക്ക് കൈമാറാത്ത സാഹചര്യങ്ങളില്‍ പിഴ സംഖ്യ 150 ദിനാര്‍ ആയിരിക്കും.
ഗതാഗത വിഭാഗത്തിന്റെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം, രാജ്യത്ത് ഏറ്റവും അധികം പേര്‍ മരണമടയുന്നതില്‍ രണ്ടാമത്തെ പ്രധാന കാരണം റോഡപകടങ്ങളാണ്.
പുതിയ ഗതാഗത നിയമത്തില്‍ നിയമ ലംഘനങ്ങള്‍ക്ക് എതിരെയുള്ള നിലവിലെ പിഴകളുടെ മൂല്യം ഭേദഗതി ചെയ്തതായും ഏറ്റവും കുറഞ്ഞ പിഴ സംഖ്യ 15 ദിനാറായി വര്‍ദ്ധിപ്പിച്ചതായും ഖദ്ധ അറിയിച്ചു.