കുവൈത്ത്: കുവൈത്തില്‍ 60 വയസ്സിനു മുകളില്‍ പ്രായമായ ബിരുദധാരികള്‍ അല്ലാത്ത പ്രവാസികള്‍ക്ക് താമസരേഖ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ആലോചന.
ഇതുമായി ബന്ധപ്പെട്ട തീരുമാനം പുനപരിശോധിക്കുവാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസുഫ് മാനവ ശേഷി സമിതി അധികൃതര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് പരിചയ സമ്പന്നരായ അവിദഗ്ദ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. 2021 ജനുവരി ഒന്ന് മുതലാണ് 60 വയസ്സ് പ്രായമായ ബിരുദ ധാരികള്‍ അല്ലാത്ത പ്രവാസികള്‍ക്ക് താമസ രേഖ പുതുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഈ തീരുമാനം പ്രകാരം ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് താമസ രേഖ പുതുക്കുന്നതിന് ഫീസ്, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ പ്രതി വര്‍ഷം 1000 ദിനാറോളം ചെലവ് വന്നിരുന്നു.
ഇതേ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ ആയിരക്കണക്കിന് പ്രവാസികള്‍ക്കാണ് രാജ്യം വിടെണ്ടി വന്നത്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരാര്‍ കമ്പനികളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസം ഈ നിയന്ത്രണം എടുത്തു മാറ്റിയിരുന്നു.