കുവൈത്ത്: കുവൈത്തിൽ തൊഴിലാളികളുടെ പാർപ്പിട നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നതായി മാനവ വിഭവ ശേഷി സമിതി പ്രഖ്യാപിച്ചു.
പുതിയ നിയമം പ്രകാരം ഒരു മുറിയിൽ പരമാവധി നാല് പേരെ മാത്രമേ താമസിപ്പിക്കാൻ പാടുള്ളു. കൂടാതെ, നിരവധി നിബന്ധനകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
താമസ സൗകര്യം നൽകാത്ത സ്ഥാപനങ്ങൾക്ക് കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ശമ്പളത്തിന്റെ 25 ശതമാനം താമസ അലവൻസ് ആയി നൽകണം.
കുറഞ്ഞ ശമ്പള പരിധി കടന്നുപോകുന്ന തൊഴിലാളികൾക്ക് വേതനത്തിന്റെ 15 ശതമാനം പാർപ്പിട അലവൻസ് നൽകണം.
കുടുംബ താമസ കേന്ദ്രങ്ങൾക്ക് സമീപം തൊഴിലാളി താമസം നൽകുന്നതിനും വിലക്കുണ്ട്. താമസം ഒരുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി നേടണമെന്നാണ് നിർദേശം
തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, തിരക്ക് കുറയ്ക്കുക തുടങ്ങിയവയാണ് പുതിയ നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യം.
അതുപോലെ, നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു