/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈത്ത്: ജീവകാരുണ്യ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനും നിയമപരമായ ചട്ടക്കൂടിനനുസൃതമായി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള നിർബന്ധിതത്വം സാമൂഹിക കാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.
സംഭാവന ശേഖരണത്തിനും വിതരണത്തിനും കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിന് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സംഭാവന ശേഖരണ നിയമം ആവശ്യമായ മാനുഷിക, ജീവകാരുണ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സംവിധാനം കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായാണ് രൂപീകരിച്ചതെന്നും മന്ത്രാലയം വിശദീകരിച്ചു
നിലവിലുള്ള ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയ ചില കേസുകൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിട്ടുണ്ടെന്നും അതേ സമയം, നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സംഘടനകളും അധികാരികളുമായി സഹകരിക്കണമെന്നും മുന്നറിയിപ്പ് നൽകി.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പൊതുസമൂഹത്തിന്റെ ആത്മവിശ്വാസം നിലനിർത്താൻ നിയമാനുസൃതമായ പ്രവർത്തനം നിർണായകമാണെന്നും ഇത്തരം പ്രവർത്തനങ്ങളുടെ സുസ്ഥിരതയ്ക്ക് ഇത് സഹായകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ചാരിറ്റബിൾ സംഘടനകളും ഫൗണ്ടേഷനുകളും സംഭാവന ശേഖരണവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.
ദരിദ്രർക്കായുള്ള സഹായ പദ്ധതികളിലും ഔദ്യോഗിക ചാനലുകൾ വഴി വികസന പദ്ധതികൾ നടപ്പിലാക്കുന്നതിലും ചാരിറ്റി സംഘടനകളുടെ പങ്ക് അഭിനന്ദനീയമാണെന്ന് സാമൂഹിക കാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു
കുവൈത്ത് ജീവകാരുണ്യ മേഖലയിൽ അന്താരാഷ്ട്ര നിലവാരമുള്ള ഒരു പ്രതാപം നിലനിർത്തുന്നതിന് സംയുക്തമായ പ്രവർത്തനങ്ങൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.