/sathyam/media/media_files/rMSe7j4JdVjpI0t2hvQp.jpg)
കുവൈത്ത് : കുവൈത്തിലെ മംഗഫ് തീപിടിത്ത ദുരന്തം സംഭവിച്ച കെട്ടിടത്തിൽ നിലവിൽ നിയമലംഘനങ്ങളില്ലെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു.
നഗര കൗൺസിൽ അംഗമായ ഖാലിദ് അൽ-ദാഘർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുനിസിപ്പൽ അധികൃതർ ഈ സ്ഥിരീകരണം നൽകിയത്.
മന്ത്രിസഭയുടെ നിർദേശപ്രകാരം രൂപീകരിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തലുകളും ശുപാർശകളുമാണ് മുനിസിപ്പാലിറ്റി പരിഗണിച്ചത്
മുനിസിപ്പാലിറ്റി എഞ്ചിനീയറിംഗ് ഓഡിറ്റ് & ഫോളോ-അപ്പ് വിഭാഗം നടത്തിയ ഫീൽഡ് പരിശോധനയിൽ, ഗ്രൗണ്ട് ഫ്ലോർ, മെസാനൈൻ, ആറുനിലകൾ, മേൽക്കൂര എന്നിവ ഉൾപ്പെട്ട വാടക താമസകെട്ടിടത്തിലാണ് അപകടം സംഭവിച്ചത്.
മുൻ റിപ്പോർട്ടിൽ (08257) സൂചിപ്പിച്ചിരുന്ന നിയമലംഘനങ്ങൾ കെട്ടിട ഉടമ നേരത്തെ തന്നെ പരിഹരിച്ചതായി മുനിസിപ്പാലിറ്റി സ്ഥിരീകരിച്ചു.
2024 ജൂൺ 12-നാണ് മംഗാഫിലെ ആറുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 49 പേർ മരണമടഞ്ഞത്. 25 മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരും 4 മറ്റു രാജ്യക്കാരുമാണ് മരണപ്പെട്ടത്.
കെട്ടിടത്തിലെ സുരക്ഷാ മുറിയിൽ ഉണ്ടായ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. തീ അടുക്കളയിലേക്കും മറ്റ് നിലകളിലേക്കും പടർന്നതോടെയാണ് അപകടം ഉഗ്രതയാകുന്നത്. പുക ശ്വസിച്ചും, രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ താഴേക്ക് വീണുമാണ് ഭൂരിഭാഗം പേർ മരിച്ചത്.
196 തൊഴിലാളികൾ ഈ കെട്ടിടത്തിൽ താമസിച്ചിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അഗ്നിശമന വിഭാഗത്തിലെ അഞ്ച് ഉദ്യോഗസ്ഥർ ഉൾപ്പെടെ 50 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.
അപ്പാർട്ടുമെന്റുകളും മുറികളും വിഭജിക്കുന്നതിന് പെട്ടന്ന് കത്തിപിടിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചതും തീപടരുന്നതിന് കാരണമായതായി കണ്ടെത്തി.
അതേസമയം, മേൽക്കൂരയിലേക്ക് പ്രവേശനവാതിൽ പൂട്ടിയതിനാൽ, രക്ഷപ്പെടാൻ ശ്രമിച്ചവരും അപകടത്തിൽപ്പെട്ടു.
സംഭവത്തിനു പിന്നാലെ കെട്ടിട ഉടമയെ അനാസ്ഥക്കുള്ള കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ ദുരന്തം ആവർത്തിക്കാതിരിക്കാൻ കെട്ടിട സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അധികാരികൾ വ്യക്തമാക്കി.