/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈത്ത്: കുവൈത്തിലെ അൽ-മുത്ത്ല പ്രദേശത്തെ മൊബൈൽ ബക്കാലയിൽ നിന്നും സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ വാഹനം ഓടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടയുന്നതിനിടെ പ്രവാസി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ സ്വദേശി പൗരൻ പിടിയിലായതായി ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അണ്ടർസെക്രടറി മേജർ ജനറൽ ഹാമിദ് അൽ-ദവാസ് നൽകിയ നിർദേശ പ്രകാരം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് പ്രതിയെ ഒരാഴ്ചക്കകം പിടികൂടിയത് .
പ്രതി മുമ്പും ബക്കാലകളിൽ കവർച്ചാ ശ്രമങ്ങൾ നടത്തിയിരുന്നതായി കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പീടികൂടാൻ സഹായിച്ചത് .
ഈ മാസം 14-നാണ് ജഹറ ഗവർണറേറ്റിലെ അൽ-മുത്ത്ലയിൽ ദാരുണമായ സംഭവം നടന്നത്. പ്രതി സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ കാറിൽ കയറുകയായിരുന്നു. അതിനെ തടയാൻ ശ്രമിച്ച പ്രവാസി തൊഴിലാളി വാഹനത്തിൽ തൂങ്ങി പിടിക്കുകയായിരുന്നു.
എന്നാൽ പ്രതി കാർ നിർത്താതെ മുന്നോട്ടു പോവുകയും വാഹനത്തിനടിയിൽ അകപ്പെട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പ്രവാസിയെ പൊലീസെത്തി ജഹറ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും ദൃക്സാക്ഷികളുടെ മൊഴികളിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച്, പ്രതി സിൽവർ നിറത്തിലുള്ള ഫോർ വീൽ ഡ്രൈവ് വാഹനത്തിലാണ് ബക്കാലയിൽ എത്തിയതെന്ന് കണ്ടെത്തുകയും പോലീസ് നടത്തിയ തുടർ അന്വേഷണത്തിൽ 15 കവർച്ചാ കേസുകളിൽ ഇതെ വാഹനത്തിലായിരുന്നു എന്ന് വ്യക്തമായിരുന്നു.
ഇതിനകം, പ്രതി നിരവധി ബക്കാല തൊഴിലാളികൾക്ക് പരിക്കേൽപ്പിച്ചതായും കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ സുലൈബിയ പ്രദേശത്തും സമാനമായ ഒരു സംഭവം നടന്നിരുന്നു. അന്നും മറ്റൊരു പ്രവാസി ഗുരുതരമായി പരിക്കേറ്റ് ജഹറ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പോലീസ് പ്രതിയെ കർശനമായി ചോദ്യം ചെയ്യുകയും, കൂടുതൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തുടരുകയും ചെയ്യുന്നുണ്ടെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു