/sathyam/media/post_attachments/TzZ83Eu7r22j8NBhuiPU.jpg)
കുവൈത്ത്: കുവൈത്തിൽ വിവാഹമോചനം ഗണ്യമായി വർദ്ധിച്ചിരിക്കുന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2024 ഡിസംബർ അവസാനം രേഖപ്പെടുത്തിയ പ്രകാരം, രാജ്യത്ത് 84,442 വിവാഹമോചനങ്ങൾ രേഖപെടുത്തി.
വിവാഹ ബന്ധങ്ങൾ കൂടുതൽ സംരക്ഷിക്കാൻ നിയമപരമായ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്ന് അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും ആവശ്യപ്പെടുന്നു. പ്രത്യേകിച്ച്, അലിമോണി, കുട്ടികളുടെ സന്ദർശനാവകാശം എന്നിവ സംബന്ധിച്ച നിയമങ്ങൾ പുനപരിശോധിക്കണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
പ്രശസ്ത അഭിഭാഷകനായ ഫവാസ് അൽ-ഷല്ലാഹി, വിവാഹമോചനം കുറയ്ക്കാൻ ശക്തമായ നിയമങ്ങൾ നടപ്പാക്കണമെന്ന് നിർദേശിക്കുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കാനും അനുയോജ്യനായ ജീവിത പങ്കാളിയെ കണ്ടെത്താനുമുള്ള അവസരം നൽകുന്നതിനായി വിവാഹ പ്രായം 18 ആക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കുവൈത്ത് മന്ത്രിസഭ ക്രിമിനൽ പ്രോസീജർ നിയമത്തിലെ ആർട്ടിക്കിൾ 188, 230 എന്നിവയിൽ ഭേദഗതികൾ ഉൾപ്പെടുത്തി. നീതിന്യായ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഇലക്ട്രോണിക് വിജ്ഞാപനങ്ങൾ ഉൾപ്പെടുത്തിയതിന്റെ ഭാഗമായി ഈ നിയമങ്ങൾ പുതുക്കിയതായി അധികൃതർ അറിയിച്ചു.
വിവാഹ പ്രായം 18 ആക്കി ഉയർത്തിയതിനെ ഐക്യരാഷ്ട്രസഭയുടെ പ്രതിനിധി ഘദ അൽ-താഹർ സ്വാഗതം ചെയ്തു. ഇത് സ്ത്രീകളുടെ അവകാശ സംരക്ഷണത്തിൽ കുവൈത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടുംബബന്ധങ്ങൾ സംരക്ഷിക്കുകയും വിവാഹമോചന നിരക്ക് കുറയ്ക്കുകയും ചെയ്യുന്നതിനായി കുവൈത്ത് ശക്തമായ നിയമ പരിഷ്കാരങ്ങൾ ആവിഷ്‌കരിക്കുമെന്നാണ് പ്രതീക്ഷ.