/sathyam/media/media_files/2025/03/10/brJEtOURkDcuBNer6zDw.jpg)
കുവൈത്ത്: മാർച്ച് 26 – കുവൈത്തിൽ കാലഹരണപ്പെട്ട അഞ്ചാം പതിപ്പ് കുവൈത്ത് കറൻസി വ്യാജമായി നിർമ്മിച്ച കേസിൽ മുൻ സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.
2015-ൽ പ്രചാരണം അവസാനിപ്പിച്ച 10, 20 ദിനാർ നോട്ടുകൾ അടക്കം മൊത്തം 19,000 ദിനാർ മൂല്യമുള്ള വ്യാജ നോട്ടുകളാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ആഴ്ച, കുവൈത്ത് സെൻട്രൽ ബാങ്ക് കാലഹരണപ്പെട്ട അഞ്ചാം പതിപ്പ് നോട്ടുകൾ കൈവശം ഉള്ളവർ ഏപ്രിൽ 18-ന് മുമ്പ് ബാങ്കിൽ എത്തിച്ച് പുതിയ നോട്ടുകളിലേക്ക് മാറാമെന്ന് അറിയിച്ചിരുന്നു. ഈ അവസരം ദുരുപയോഗം ചെയ്തു കൊണ്ടാണ് പ്രതി വ്യാജ നോട്ടുകൾ നിർമ്മിച്ചത്.
മുൻ ബാങ്ക് ഉദ്യോഗസ്ഥനായ ഇയാൾ മുൻ സഹപ്രവർത്തകരുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ വ്യാജനോട്ടുകൾ ബാങ്കിൽ കൈമാറാൻ ശ്രമിച്ചു.
കാലഹരണപ്പെട്ട കറൻസി എന്നതുകൊണ്ടു ഇത് പരിശോധനയിൽ തിരിച്ചറിയില്ലെന്നായിരുന്നു ഇയാളുടെ കണക്ക് കൂട്ടൽ. എന്നാൽ, ബാങ്ക് ഉദ്യോഗസ്ഥർ വസ്തുത തിരിച്ചറിഞ്ഞതോടെ, ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
നേരത്തെയും വ്യാജനോട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നതായി പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇയാൾ ഏത് രാജ്യക്കാരനാണ് എന്ന വിവരം അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ്.