/sathyam/media/media_files/2025/02/26/QKZcc7lIGIGfv07tC5nm.jpg)
കുവൈത്ത്: കനത്ത വേനലിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച കുവൈത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് തലത്തിലെത്തി. ഉച്ചക്ക് 3 മണിയോടെ ലോഡ് സൂചകം 12,400 മെഗാവാട്ട് ആയി. ഇത് രാജ്യത്തെ വൈദ്യുതി ഉൽപ്പാദന ശേഷിയെ കടന്ന് പോയതായി അധികൃതർ അറിയിച്ചു.
താത്കാലിക പ്രതിരോധ നടപടിയായി 53 മേഖലകളിൽ രണ്ട് മണിക്കൂർ വീതമുള്ള വൈദ്യുതി വിച്ഛേദം പ്രഖ്യാപിച്ചു. ഇതിൽ 45 താമസ മേഖലയും, അഞ്ച് വ്യാവസായിക മേഖലയുമാണ് ഉൾപ്പെടുന്നത്. കൃഷിയിടങ്ങളിലെയും മൂന്നു മേഖലയിലും പവർ കട്ട് നടപ്പാക്കിയിട്ടുണ്ട്.
വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ നിലവിലെ ഉൽപ്പാദന ശേഷി 18,600 മെഗാവാട്ട് ആണെങ്കിലും പല യൂണിറ്റുകളും പരിപാലനത്തിലാണ്. അതിനാൽ ഉപയോഗയോഗ്യമായ ശേഷിയിൽ കുറവുണ്ടായി.
ഈ സാഹചര്യത്തിൽ ഗൾഫ് ഇന്റർകണക്ഷൻ അതോറിറ്റിയുടെ സഹായത്തോടെ എപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 600-1000 മെഗാവാട്ട് വരെ ഊർജ്ജം ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പൗരന്മാരും വിദേശികളും എയർ കൂൾറുകൾ പോലുള്ള അധിക വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ നിയന്ത്രിച്ച് വൈദ്യുതി സംരക്ഷണത്തിൽ പങ്കുചേരണമെന്നും വകുപ്പിന്റെ അഭ്യർത്ഥനയുണ്ട്.
അതിനൊപ്പം, വൈദ്യുതി വിച്ഛേദ സമയങ്ങളിൽ ലിഫ്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്‌സ് മുന്നറിയിപ്പ് നൽകി.
“വിച്ഛേദസമയത്ത് ലിഫ്റ്റിൽ കുടുങ്ങിയാൽ പാനിക്കാവരുത്, സഹായത്തിനായി അലാറം അമർത്തുകയോ 112 നമ്പറിലേക്ക് വിളിക്കുകയോ ചെയ്യുക,” എന്ന് കെ.എഫ്.എഫ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഘരീബ് അറിയിച്ചു.