കുവൈത്ത്: കുവൈത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏഴ് പ്രതികൾക്ക് 51 കോടി ദിനാർ പിഴയും പത്ത് വർഷം വീതം തടവുശിക്ഷയും വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയുടേതാണ് വിധി.
ഏകദേശം 25.5 കോടി ദിനാർ മൂല്യമുള്ള കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ശിക്ഷ നൽകപ്പെട്ടത്. രണ്ട് കുവൈത്ത് സ്വദേശികൾ, ഒരു ലെബനീസ് പൗരൻ, രണ്ട് സിറിയക്കാർ, രണ്ട് ഈജിപ്തുകാർ എന്നിവരാണ് പിഴയും തടവു ശിക്ഷയും ലഭിച്ച പ്രധാന പ്രതികൾ.
കേസുമായി ബന്ധപ്പെട്ട മറ്റ് നാല് പ്രതികൾക്ക് നാല് വർഷം വീതം തടവും എട്ട് പേർക്ക് മൂന്ന് വർഷം വീതം തടവും കോടതി വിധിച്ചു.
മൂന്ന് പ്രതികൾക്ക് ഓരോരുത്തർക്കും ഒരു ലക്ഷം ദിനാർ വീതം പിഴയും മറ്റൊരു പ്രതിയായ അഭിഭാഷകനെ തടവുശിക്ഷയിൽ നിന്ന് ഒഴിവാക്കി ഒരു ലക്ഷം ദിനാർ പിഴയുമായി ചുമത്തുകയും ചെയ്തു.
കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനും അതിലൂടെ സാമ്പത്തിക സംവിധാനം ദുർബലമാകുന്നതും കുറയ്ക്കാൻ ഭരണകൂടം ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ കേസിലെ വിധിയും അതിന് തെളിവായി കണക്കാക്കപ്പെടുന്നു.