കുവൈറ്റ്: ഫർവാനിയ ഹോസ്പിറ്റൽ സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കായി അത്യാധുനിക റോബോട്ടിക് സർജറി സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയത് മെഡിക്കൽ രംഗത്ത് ഒരു പുതിയ നാഴികക്കല്ലായി മാറുന്നു.
ഇത് രാജ്യത്തെ ആരോഗ്യപരിചരണ രംഗത്ത് ഗുണമേന്മയുടെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.
ഈ പുതിയ സംവിധാനം രോഗികൾക്ക് നൽകുന്ന ചികിത്സയുടെ കൃത്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കും.
ഹോസ്പിറ്റലിൽ ഇതിനോടകം തന്നെ റോബോട്ട് ഉപയോഗിച്ച് നിരവധി വിജയകരമായ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. അമിതവണ്ണത്തിനുള്ള സ്ലീവ് ഗ്യാസ്ട്രെക്ടമി പോലുള്ള ശസ്ത്രക്രിയകൾ ഇതിൽ ഉൾപ്പെടുന്നു.
റോബോട്ടിക് സർജറി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ കുവൈറ്റിൽ രണ്ടാം സ്ഥാനത്താണ് ഫർവാനിയ ഹോസ്പിറ്റൽ. ഈ സംവിധാനം അതിന്റെ ഉയർന്ന കൃത്യതയും നൂതനമായ സവിശേഷതകളും കൊണ്ട് ശ്രദ്ധേയമാണ് എന്ന് ഫർവാനിയ ആശുപത്രി ഡറക്ടർ ബസ്സാം അൽ-ഹർബി അഭിപ്രായപ്പെട്ടു.
ഈ പുതിയ സാങ്കേതികവിദ്യയിലൂടെ കൂടുതൽ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ കൂടുതൽ സുരക്ഷിതമായും കൃത്യതയോടെയും നടത്താൻ സാധിക്കുമെന്നും ഇത് രോഗികളുടെ ആരോഗ്യനില മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ഹോസ്പിറ്റൽ അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.