കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ റിഹ്‌ല-ഏ -ദോസ്തി എന്ന പേരിൽ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു

ഇന്ത്യയും കുവൈത്തും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സമ്പന്നമായ ചരിത്രത്തിന്റെ പ്രദർശന വേദിയാകും ഈ പരിപാടി.

New Update
Untitledappleku

കുവൈത്ത്: ഇന്ത്യ-കുവൈത്ത് ബന്ധത്തിന്റെ 250 ആം വാർഷികത്തോട് അനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ റിഹ്‌ല-ഏ -ദോസ്തി എന്ന പേരിൽ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു.

Advertisment

മെയ് 19 മുതൽ 24 വരെ കുവൈത്ത് നാഷണൽ ലൈബ്രറിയിൽ വെച്ചാണ് പരിപാടി കുവൈത്ത് ദേശീയ സാംസ്കാരിക, കലാ സാഹിത്യ കൗൺസിൽ (എൻ‌സി‌സി‌എ‌എൽ),  കുവൈത്ത് ഹെറിറ്റേജ് സൊസൈറ്റി, നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ,ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ഈ പ്രദർശനം ഒരുക്കുന്നത്.


ഇന്ത്യയും കുവൈത്തും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സമ്പന്നമായ ചരിത്രത്തിന്റെ പ്രദർശന വേദിയാകും ഈ പരിപാടി.

ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രാചീനമായ വ്യാപാര ബന്ധം മുതൽ രാഷ്ട്രീയം, സംസ്കാരം, വികസനം എന്നീ മേഖലകളിൽ ഇന്ന് വരെ എത്തി നിൽക്കുന്ന സഹകരണ പൈതൃക ബന്ധങ്ങളും ഉയർത്തി കാട്ടുന്ന പരിപാടിയിൽ  അമൂല്യമായ പുരാവസ്തുക്കൾ, കൈയെഴുത്തുപ്രതികൾ, രേഖകൾ, അപൂർവ പുസ്തകങ്ങൾ, വ്യക്തിഗത കത്തിടപാടുകൾ,  നാണയങ്ങൾ,  1961 വരെ കുവൈത്തിന്റെ ഔദ്യോഗിക നാണയമായി ഉപയോഗിച്ച ഇന്ത്യൻ രൂപ എന്നിവയും പ്രദർശിപ്പിക്കും.

ഇരു രാജ്യങ്ങളും തമ്മിൽ പങ്കിട്ട പോയ കാലത്തെ മറ്റ് പ്രധാന വസ്തുക്കളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള സാംസ്കാരിക പ്രകടനങ്ങളും പാനൽ ചർച്ചകളും പരിപാടിയിൽ ഉണ്ടായിരിക്കും.

മെയ് 20 മുതൽ  24 വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 4 മുതൽ രാത്രി 9 വരെയും പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും..പ്രദർശനം സൗജന്യമായിരിക്കും.  

മെയ് 23 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ രാത്രി 9 വരെ മാത്രമേ പ്രദർശനം ഉണ്ടായിരിക്കുകയുള്ളൂ  എന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു.

Advertisment