കുവൈത്ത്: പാകിസ്ഥാൻ ജനതയോട് ഇന്ത്യ യാതൊരു വിധ ശത്രുതയും പുലർത്തുന്നില്ലെന്ന് കുവൈത്തിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ തലവൻ ബൈജയന്ത് പാണ്ഡ എം പി വ്യക്തമാക്കി.
പാകിസ്ഥാൻ അവരുടെ നില പാടുകൾ മാറ്റുകയും സമാധാനത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സമീപനം സ്വീകരിക്കുകയും ചെയ്താൽ, ആ രാജ്യവുമായി മികച്ച ബന്ധം സ്ഥാപിക്കുവാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഭീകര പ്രവർത്തന ഭീഷണികൾ നേരിടാൻ കാത്തിരിക്കുന്നതിനു പകരം നേരിട്ട് പ്രതികരിക്കുക എന്ന നയമാണ് ഇന്ത്യ പുതുതായി സ്വീകരിച്ചിരിക്കുന്നത്.
വ്യാപാരം, കപ്പൽ ഗതാഗതം, ജലം, വിസ എന്നീ മേഖലകളിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുക എന്നതാണ് ഇതിൽ പ്രധാനം. എങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് അന്തിമ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് സമയബന്ധിതമായി ചർച്ചകൾ നടക്കേ ണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സംഘർഷങ്ങൾ പരിഹരിക്കുന്നതിലും സമാധാനത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിലും കുവൈത്ത് നടത്തുന്ന മഹത്തായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. മികച്ച ഒരു ലോകം കെട്ടിപ്പടു ക്കുന്നതിൽ അനുകരണീയ മാതൃകയാണ് കുവൈത്തിന്റെതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഭീകരവിരുദ്ധ മേഖലയിൽ സുരക്ഷാ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികൾ കുവൈത്തുമായി ചർച്ച ചെയ്തു. സന്ദർശനത്തിനിടയിൽ കുവൈത്ത് അധികൃതരുമായി നടത്തിയ പല ചർച്ചകളും ഫലപ്രദമായതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.
പഹൽഗാമിൽ ഭീകരാക്രമണം നടന്ന ഉടൻ ഇന്ത്യക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച കുവൈത്തിന്റെ നിലപാടിൽ അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.
പലസ്തീൻ വിഷയത്തിൽ, അറബ്-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കുന്നതിന് ദ്വിരാഷ്ട്ര പരിഹാര ഫോർമുലക്ക് ഇന്ത്യയുടെ ഉറച്ച പിന്തുണ അദ്ദേഹം ആവർത്തിച്ചു. ഗസയ്ക്കും വെസ്റ്റ് ബാങ്കിനും സാമ്പത്തിക സഹായം നൽകുന്നതിനായി ഇന്ത്യ പ്രത്യേക ബജറ്റ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.