കുവൈത്ത്: പ്രവാസി വെൽഫെയർ കുവൈത്ത് ഫഹാഹീൽ യൂണിറ്റ് സമ്മേളനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
ഫഹാഹീൽ യൂണിറ്റി സെന്ററിൽ വച്ച് നടന്ന സമ്മേളനത്തിൽ എക്സിക്യൂട്ടീവ് അംഗം ഫവാസ് കെ വി മോഡറേറ്ററായി'വേടന്റെ പാട്ടും രാഷ്ട്രീയവും' എന്ന വിഷയത്തിൽ ചർച്ച സംഗമം നടന്നു. അനിയൻകുഞ്ഞ് പാപ്പച്ചൻ, ഹുസ്ന കലാം, കെ അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു. നസീം കൊച്ചന്നൂർ, ഷമീർ എം എ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
മനുഷ്യ സമൂഹത്തിനടിയിൽ നിലകൊള്ളുന്ന സാമൂഹിക ഉച്ചനീചത്വങ്ങൾക്കെതിരിൽ യുവ തലമുറയെ മൂർച്ചയേറിയ തന്റെ വാക്കുകളിലൂടെ ബോധവത്കരിക്കുകയും അത് പുതു തലമുറയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് തീവ്ര ഹിന്ദുത്വ ശ്കതികൾ വേടനെതിരിൽ എതിർക്കാനും കേസുകൾ നൽകി അവനെ ഇല്ലാതാക്കാനുമുള്ള ശ്രമത്തിനു പുറകിൽ.
സമൂഹത്തിലെ നാനാവിധ ആളുകളും ഒത്തുകൂടുന്ന മനോഹര സദസ്സുകളായി വേടന്റെ പരിപാടികൾ മാറിക്കൊണ്ടിരിക്കുന്നു എന്നും ചർച്ചാ സംഗമം വിലയിരുത്തി.
വേടന്റെ വിവിധ പാട്ടുകൾ ക്രോഡീകരിച്ചു കൊണ്ടുള്ള വീഡിയോ പ്രദർശനവും നടന്നു.
'നാടിന്റെ നന്മക്ക് നമ്മളൊന്നാകണമെന്ന' തലക്കെട്ടിൽ യൂണിറ്റ് വൈസ് പ്രസിഡണ്ട് ഗഫൂർ ഐ കെ പഠന ക്ലാസ് നടത്തി.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ വെൽഫെയർ പാർട്ടി കേരള പ്രസിഡണ്ട് റസാഖ് പാലേരി നടത്തിയ സാഹോദര്യ പദയാത്രയെ കുറിച്ച് സമ്മേളനത്തിൽ വിലയിരുത്തി.
2025- 2026 പ്രവർത്തന കാലയളവിലേക്ക് പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട റഫീഖ് ബാബുവിനെയും കേന്ദ്ര ഭാരവാഹികളെയും സമ്മേളനത്തിൽ ആദരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നോർക്കയുടെയും, കേരള പ്രവാസി ക്ഷേമനിധിയുടെയും, പ്രവാസി വെൽഫെയർ സഞ്ചയിക പദ്ധതിയുടെയും കൗണ്ടറുകൾ പ്രവർത്തിച്ചിരുന്നു.
പരിപാടിയോടനുബന്ധിച്ച് നടത്തിയ ഇശൽ നിലാവിൽ കുവൈത്തിലെ പ്രമുഖ ഗായകരായ വിഎസ് നജീബ്, മാസ്റ്റർ ജീവ ജിഗ്ഗു സദാശിവൻ, പ്രീത മുത്തു പറമ്പിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
പ്രവാസി വെൽഫെയർ ഫഹാഹിയിൽ യൂണിറ്റ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ എം കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി ഉസാമ അബ്ദുൾ റസാക്ക് സ്വാഗതവും യൂണിറ്റ് ട്രഷറർ ഹാരിസ് ഹസ്സൻ നന്ദിയും പറഞ്ഞു.
ഫഹാഹീൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ മുജീബ് വി കെ, ഇസ്മായിൽ കെ ടി, ഷീബ ബാബു, സെമിയത്ത് യൂനുസ്, മുനീർ പി കെ, അഹ്‌മദ് സാദത്ത്, അൻവർ സാദത്ത് യു. പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.