കുവൈറ്റ്: ദേശീയ ഐക്യ നിയമം ലംഘിച്ചതിന് അറസ്റ്റിലായ സബീൽ അബ്ദുൽ മുത്തലിബ് ബെഹ്ബഹാനിയെയും ഖലീൽ അൽ-അവദിയെയും പബ്ലിക് പ്രോസിക്യൂഷൻ 1000 ദിനാർ വീതം ജാമ്യത്തിൽ വിട്ടയച്ചു.
മുഹറം മാസത്തിൽ 'എക്സ്' (മുൻപ് ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ ദേശീയ ഐക്യത്തിന് വിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനാണ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നത്. കുവൈറ്റിന്റെ സാമൂഹിക ഐക്യം സംരക്ഷിക്കുന്നതിനായി കർശനമായ നിയമങ്ങളാണ് രാജ്യത്തുള്ളത്.
വർഗീയപരമായ ഭിന്നതകൾ സൃഷ്ടിക്കുന്നതോ, വിദ്വേഷം പ്രചരിപ്പിക്കുന്നതോ, ഏതെങ്കിലും വിഭാഗത്തെ താഴ്ത്തിക്കെട്ടുന്നതോ ആയ പ്രസ്താവനകളോ പ്രവർത്തനങ്ങളോ ഈ നിയമത്തിന്റെ പരിധിയിൽ വരും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ അധികാരികൾ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.
ദേശീയ ഐക്യത്തെ ഹനിക്കുന്ന ഏതൊരു പ്രവൃത്തിയും രാജ്യസുരക്ഷാ കുറ്റമായി കണക്കാക്കപ്പെടുമെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ സംഭവവും കുവൈറ്റ് അധികാരികളുടെ കർശന നിലപാടിന് അടിവരയിടുന്നതാണ്. ജാമ്യം അനുവദിച്ചെങ്കിലും, ഇരുവർക്കുമെതിരെയുള്ള നിയമനടപടികൾ തുടരുമെന്നാണ് സൂചന.