കുവൈറ്റ്: കിംഗ് ഈസ ബിൻ സൽമാൻ അൽ ഖലീഫ റോഡിൽ (റൂട്ട് 30) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഭാഗികമായി റോഡ് അടച്ചതായി പൊതുഗതാഗത വകുപ്പ് അറിയിച്ചു. 2025 ഓഗസ്റ്റ് 3 ഞായറാഴ്ച മുതൽ റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാവുന്നത് വരെയാണ് ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഹവല്ലി, ജാബരിയ എന്നീ പ്രദേശങ്ങൾക്ക് സമീപമുള്ള സുരക്ഷിതമായ ലെയ്‌നുകളും വലത് പാതയും അടച്ചിടും. കൂടാതെ, ഫഹീഹീൽ ഭാഗത്തേക്കുള്ള ഇറക്കവും നാലാം റിംഗ് റോഡിലേക്കുള്ള കയറ്റവും ഇതേ കാലയളവിൽ അടച്ചിടും.
യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ഇതര വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
റോഡ് ഉപയോഗിക്കുന്നവർ ഗതാഗത നിർദ്ദേശങ്ങൾ പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു. അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി.