കുവൈത്ത്: രാജ്യത്തെ വ്യവസായ, കരകൗശല, സേവന മേഖലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി സൗത്ത് അംഘാര ഇൻഡസ്ട്രിയൽ ഏരിയയിലെ 53 പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
ഗുരുതരമായ സുരക്ഷാ, റെഗുലേറ്ററി ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതരുടെ നടപടി.
അഗ്നിശമന ലൈസൻസും ഇൻഷുറൻസും ഇല്ലാത്തത്, നിയമവിരുദ്ധമായ സംഭരണ രീതികൾ, പരിസ്ഥിതി ലംഘനങ്ങൾ, അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ, പ്ലോട്ടുകൾ മറ്റുള്ളവർക്ക് ഉപകരാറിന് നൽകൽ തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
രാജ്യത്തെ വ്യാവസായിക മേഖലകളിലെ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി പരിശോധനകൾ ശക്തമാക്കിയത്.
പ്ലോട്ടുകളുടെ ഉടമകൾക്ക് ലംഘനങ്ങൾ പരിഹരിക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയപരിധിക്കുള്ളിൽ നിയമലംഘനങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ കൂടുതൽ കർശനമായ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി മുന്നറിയിപ്പ് നൽകി.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.