കുവൈറ്റിൽ നിന്ന് വിസിറ്റിങ്ങിലെത്തിയ നാലംഗ ഇന്ത്യൻ കുടുംബം റിയാദിന് സമീപം അപകടത്തിൽ മരണപ്പെട്ടു; വിവരങ്ങൾ ലഭിച്ചാൽ എംബസിയെ അറിയിക്കണമെന്ന് ആഹ്വാനം

New Update
saudi

ജിദ്ദ:   റിയാദിന് സമീപം തുമാമയിൽ ഹഫ്‌ന - തുവൈഖ് റോഡിൽ വെള്ളിയാഴ്ച  ഉണ്ടായ റോഡപകടത്തിൽ നാലംഗ  ഇന്ത്യൻ കുടുംബാംഗങ്ങൾക്ക് ജീവഹാനി. കുടുംബനാഥൻ, ഭാര്യ, രണ്ട് മക്കൾ എന്നവരടങ്ങുന്നതാണ് കുടുംബം.

Advertisment

ഇന്ത്യക്കാരായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ഈഹാൻ ഗൗസ് (4),  മുഹമ്മദ് ദാമിൽ ഗൗസ് (2), എന്നിവരാണ് മരിച്ചത്. മറ്റൊരാൾ കൂടി സംഭവത്തിൽ മരണപ്പെട്ടിട്ടുണ്ടെന്ന്  റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും  സൗദി പൗരൻ ഓടിച്ചിരുന്ന ട്രെയ്ലറും  കൂട്ടിയിടിക്കുകയായിരുന്നു.   ഇടിയുടെ ആഘാതത്തിൽ  ഫോർഡ് കാർ പൂർണമായും ചാമ്പലായിട്ടുണ്ട്.   കുവൈറ്റിൽ നിന്ന് ടൂറിസ്റ്റ് വിസയിലെത്തിയതായിരുന്നു  ഇന്ത്യൻ കുടുംബം. ഗൗസ് ദാന്തുവിന് കുവൈത്ത് ഇഖാമയുണ്ട്. മൃതദേഹങ്ങൾ റുമാഹ്   ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

റിയാദ് ട്രാഫിക് പോലീസിൽ നിന്ന് റിയാദിലെ മലയാളി സാമൂഹ്യ പ്രവർത്തകർക്ക് ലഭിച്ച വിവരം മാത്രമാണ്  മരണപ്പെട്ടവരെ കുറിച്ച് ആകെയുള്ളത്.   അഗ്നിബാധയിൽ  മൃതദേഹങ്ങളും രേഖകളും കത്തിയിട്ടുണ്ട്.   നാട്ടിൽ നിന്നോ കുവൈത്തിൽ നിന്നോ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന്  സംഭവത്തിൽ  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകിയ സാമൂഹ്യ പ്രവർത്തകർ  പറഞ്ഞു.   

മരണപ്പെട്ടവരെ സംബന്ധിച്ച് എന്തെങ്കിലും  വിവരം ലഭിക്കുന്നവർ റിയാദ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന്   സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവൂർ അറിയിച്ചു.    ബന്ധപ്പെടേണ്ട നമ്പറുകൾ:   (+966508517210,  0503035549).

Advertisment