കുവൈത്ത് സിറ്റി: കുവൈത്തില്‍ 325 പ്രവാസികളുടെ താമസ വിലാസങ്ങള്‍ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്തതായി രാജ്യത്തെ സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. ഇവര്‍ നല്‍കിയിരുന്ന വിലാസത്തിലെ യഥാര്‍ത്ഥ വസ്തു ഉടമയുടെ അഭ്യര്‍ത്ഥന പ്രകാരമോ, അല്ലെങ്കില്‍ വ്യക്തികള്‍ വിലാസം രജിസ്റ്റര്‍ ചെയ്തിരുന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയതിനാലോ ആണ് ഈ നടപടി സ്വീകരിച്ചത്.
വിലാസം നീക്കം ചെയ്യപ്പെട്ടവര്‍ പുതിയ താമസ വിലാസം രജിസ്റ്റര്‍ ചെയ്ത് അവരുടെ വിവരങ്ങള്‍ പുതുക്കണമെന്നാണ് നിര്‍ദേശം. ഇതിനായി സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് അതോറിറ്റി ഓഫീസുകള്‍ സന്ദര്‍ശിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
അറിയിപ്പ് പുറത്തുവിട്ട തീയതി മുതല്‍ പരമാവധി 30 ദിവസത്തിനുള്ളില്‍ ആവശ്യമായ എല്ലാ രേഖകളും സഹിതം ഈ അപ്ഡേറ്റ് പൂര്‍ത്തിയാക്കണമെന്നാണ് സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് അതോറ്റിയുടെ നിര്‍ദേശം. നിശ്ചിത സമയപരിധിക്കുള്ളില്‍ ഈ നിര്‍ദേശം പാലിക്കാത്ത പക്ഷം 1982ലെ 32-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 33 അനുസരിച്ചുള്ള പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിയമം അനുസരിച്ച് ഓരോ വ്യക്തിക്കും 100 കുവൈത്തി ദിനാര്‍ വരെ പിഴ ചുമത്തും. റദ്ദാക്കപ്പെട്ട വിലാസത്തില്‍ താമസിച്ചിരുന്ന വ്യക്തികളുടെ എണ്ണം അനുസരിച്ച് പിഴയുടെ തുകയും വര്‍ദ്ധിക്കും.