കുവൈത്ത്: കുവൈത്തില്‍ നടപ്പിലാക്കുന്ന പുതിയ ട്രാഫിക് നിയമം റോഡ് അപകടങ്ങള്‍ കുറയ്ക്കുമെന്ന് അധികൃതര്‍.
വര്‍ഷാവസാനത്തോടെയാണ് പുതിയ ട്രാഫിക് നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്. പുതിയ നിയമം റോഡ് അപകടങ്ങളിലെ മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണത്തില്‍ വലിയ വ്യത്യാസം വരുത്തും.
അതുപോലെ പ്രതിദിന ട്രാഫിക് ലംഘനങ്ങളിലും ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അധികൃതര്‍ വ്യക്തമാക്കി. പുതിയ ട്രാഫിക് നിയമത്തില്‍ നിയമലംഘനങ്ങള്‍ക്കുള്ള സാമ്പത്തിക പിഴകളുടെ തോതില്‍ നല്ല വര്‍ധനയാണ് ഏര്‍പ്പെടുത്തിയത് .
ലംഘനങ്ങളുടെ ഗൗരവത്തിന് ആനുപാതികമായി ഇതില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അച്ചടക്കത്തോടെ വാഹനമോടിക്കാന്‍ നിബന്ധിതരാക്കാന്‍ അത് കാരണമാകുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
വാഹനങ്ങളുടെ മുന്‍ സീറ്റുകളില്‍ ഇരിക്കുന്ന കുട്ടികള്‍ വാഹന ഉടമയ്ക്ക് ട്രാഫിക് പിഴ വരുത്തി വെക്കാന്‍ ഇടയാക്കും. കുട്ടികളുടെ ജീവന് അപകടമാണ് എന്ന നിലക്ക് ഗൗരവത്തോടെയാണ് ഈ പ്രവണതയെ കാണുന്നത്.
ആഭ്യന്തര മന്ത്രാലയം ഓപ്പറേഷന്‍ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍-ഖദ്ദ ട്രാഫിക് ആന്‍ഡ് റെസ്‌ക്യൂ ഓപ്പറേഷന്‍സ് റൂമിലേക്കും ട്രാഫിക് ആന്‍ഡ് റെസ്‌ക്യൂ പട്രോളിങ്ങിലേക്കും ഇത്തരം നിയമലംഘനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.