/sathyam/media/media_files/2026/03/04/untitled-2026-03-04-11-38-42.jpg)
കുവൈറ്റ്: കുവൈറ്റിന് നേരെ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭയ്ക്കും സെക്യൂരിറ്റി കൗൺസിലിനും കുവൈറ്റ് കത്തയച്ചു.
രാജ്യത്തിന്റെ പരമാധികാരത്തെയും വ്യോമാതിർത്തിയെയും ലംഘിച്ചുകൊണ്ട് സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കെതിരെ കുവൈറ്റ് വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന പുറപ്പെടുവിച്ചത്. അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഇറാൻ നടത്തിയതെന്ന് കുവൈറ്റ് കുറ്റപ്പെടുത്തി.
ഈ ആക്രമണങ്ങളിൽ കുവൈറ്റ് സായുധ സേനയിലെ രണ്ട് ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് അറിയിച്ചു.
സ്വന്തം രാജ്യത്തിന് നേരെയുള്ള ആക്രമണങ്ങൾക്കൊപ്പം അയൽരാജ്യങ്ങൾക്കെതിരായ ഇറാന്റെ നടപടികളെയും കുവൈറ്റ് ശക്തമായി അപലപിച്ചു. യുഎൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം സ്വയം പ്രതിരോധിക്കാനുള്ള അവകാശം കുവൈറ്റിനുണ്ടെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെ സംരക്ഷണത്തിനുമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളുടെ സുരക്ഷ ഒന്നാണെന്നും ഏതെങ്കിലും ഒരു അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം മേഖലയുടെ മൊത്തത്തിലുള്ള സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കുവൈറ്റ് ഓർമ്മിപ്പിച്ചു.
അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യുഎൻ സെക്യൂരിറ്റി കൗൺസിൽ, ഇറാന്റെ ഈ നടപടികളെ തള്ളിക്കളയണമെന്നും മേഖലയിലെ സമാധാനവും സുരക്ഷയും തകർക്കുന്ന ഇത്തരം ലംഘനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും കുവൈറ്റ് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us