അയര്‍ലണ്ടില്‍ വീടുകള്‍ വാങ്ങാനുള്ള വായ്പാ പദ്ധതികള്‍: വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍

New Update
D

ഡബ്ലിന്‍: ഭവന പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ലോക്കല്‍ അതോറിറ്റി ഹോം ലോണ്‍,ലോക്കല്‍ അതോറിറ്റി പര്‍ച്ചേയ്‌സ് ആന്റ് റിനൊവേഷന്‍ ലോണ്‍ എന്നിവ കൂടുതല്‍ ഉദാരമാക്കി സര്‍ക്കാര്‍. എലിജിബിള്‍ പ്രോപ്പര്‍ട്ടി വിലകളും മോര്‍ട്ട്‌ഗേജിന് അപേക്ഷിക്കുന്നരുടെ വരുമാന പരിധികളും സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കും.2026ലെ രണ്ടാം പാദത്തില്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ഭവന മന്ത്രി ജെയിംസ് ബ്രൗണ്‍ വ്യക്തമാക്കി.

Advertisment

ആദ്യമായി വീട് വാങ്ങുന്നവരെയും പുതിയ അപേക്ഷകരെയും സഹായിക്കുന്നവയാണ് രണ്ട് വായ്പകളുമെന്ന് മന്ത്രി വിശദീകരിച്ചു.വീട് വാങ്ങുന്നതിനും ഒഴിഞ്ഞുകിടക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ വസ്തു വാങ്ങി പുതുക്കിപ്പണിയുന്നതിനും വായ്പകള്‍ സഹായകമാകും. വേക്കന്റ് പ്രോപ്പര്‍ട്ടി റീഫര്‍ബിഷ്‌മെന്റ് ഗ്രാന്റും ലഭിക്കും.2018 ഫെബ്രുവരി മുതല്‍ ലോക്കല്‍ അതോറിറ്റി ഹോം ലോണിലൂടെയും റീബില്‍ഡിംഗ് അയര്‍ലന്‍ഡ് ഹോം ലോണിലൂടെയും 4,300ധികം ആളുകള്‍ക്ക് സ്വന്തമായി വീട് വാങ്ങാന്‍ കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു.

പുതുക്കിയ വില പരിധികള്‍

ഡണ്‍ലേരി റാത്ത്ഡൗണ്‍, സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍, ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍, ഫിംഗല്‍ കൗണ്ടി കൗണ്‍സില്‍, കില്‍ഡെയര്‍, വിക്ലോ എന്നിവിടങ്ങളില്‍ ലോക്കല്‍ അതോറിറ്റി വഴി നടപ്പാക്കുന്ന സ്‌കീമുകളില്‍ വാങ്ങാവുന്ന വീടുകളുടെ പരമാവധി തുക 360,000 യൂറോയില്‍ നിന്ന് 415,000 യൂറോയാക്കി.

ഗോള്‍വേ സിറ്റി, കോര്‍ക്ക് സിറ്റി, മീത്ത്, കോര്‍ക്ക് കൗണ്ടി എന്നിവയിലെ പരിധി 330,000 യൂറോയില്‍ നിന്ന് 375,000 യൂറോയാക്കി.

ക്ലെയര്‍, കില്‍കെന്നി, ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ്, വെസ്റ്റ്മീത്ത്, വെക്‌സ്‌ഫോര്‍ഡ് എന്നിവയിലെ പരിധി 345,000 യൂറോയാക്കി.300,000 യൂറോയില്‍ നിന്നാണ് ഈ വര്‍ദ്ധനവ്. ഗോള്‍വേ കൗണ്ടി, ലൗത്ത് എന്നിവയില്‍ 330,000 യൂറോയില്‍ നിന്ന് 345000 യൂറോയാക്കി.

കാര്‍ലോ, കാവന്‍, ഡൊണഗല്‍, കെറി, പോര്‍ട്ട്‌ലീഷ് , ലീട്രിം, ലോങ്ഫോര്‍ഡ്, മയോ, മോണാഗന്‍, ഓഫാലി, റോസ്‌കോമണ്‍, സ്ലൈഗോ, ടിപ്പററി എന്നിവിടങ്ങളില്‍ വാങ്ങാവുന്ന വീടുകള്‍ സ്‌കീമില്‍ ഉള്‍പ്പെടുത്താവുന്ന വില പരിധി 275,000ല്‍ 310,000 യൂറോയാക്കി.

വരുമാന പരിധി 80,000 യൂറോയാക്കി

ഓരോ തദ്ദേശ സ്വയംഭരണ പ്രദേശത്തെയും എല്ലാ സിംഗിള്‍ അപേക്ഷകര്‍ക്കുമുള്ള വര്‍ദ്ധിപ്പിച്ച വരുമാന പരിധി 70,000 യൂറോയില്‍ നിന്ന് 80,000 യൂറോയാക്കി ഉയര്‍ത്തി. 80000 യൂറോയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് ജോയിന്റ് അപേക്ഷയില്ലാതെ കൗണ്‍സില്‍ സ്‌കീമുകളില്‍ അപേക്ഷിക്കാം.

സംയുക്ത അപേക്ഷകരുടെ വരുമാന പരിധി നിലവിലെ 85,000 യൂറോയായി തുടരും.

പലിശ നിരക്ക് 4%

ലോക്കല്‍ അതോറിറ്റി ഭവന വായ്പ 25 വര്‍ഷം വരെ 4% സ്ഥിര പലിശ നിരക്കിലും (എ പി ആര്‍ 4.07%) 30 വര്‍ഷം വരെ 4.05% സ്ഥിര പലിശ നിരക്കിലും (എ പി ആര്‍ 4.13%) വാഗ്ദാനം ചെയ്യുന്നു.

Advertisment