/sathyam/media/media_files/2024/10/30/7HJx7oDPEX22tSgZ1U6C.jpg)
ദുബായ്: മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ റീടെയ്ല്‍ ഐപിഒയില്‍ ലുലു റീടെയ്ലിനു ചരിത്ര നേട്ടം. ലുലു റീടെയ്ലിന്‍റെ പ്രഥമ ഓഹരി വില്‍പ്പന തുടങ്ങിയ ആദ്യ ദിനം മണിക്കൂറുകള്‍ക്കം മുഴുവന്‍ ഓഹരികളും വിറ്റുതീര്‍ന്നു.
527 കോടി ദിര്‍ഹം മൂല്യം വരുന്ന ഓഹരികളാണ് അതിവേഗം വിറ്റഴിഞ്ഞത്. 1.94 മുതല്‍ 2.04 ദിര്‍ഹം (44.40 മുതല്‍ 46.69 രൂപ) വരെയായിരുന്നു ഓഹരി വില. തിങ്കളാഴ്ച രാവിലെ എട്ടിന് ഓഹരി വില്‍പന ആരംഭിച്ചപ്പോള്‍ തന്നെ ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
എഡിസിബി, ഫസ്ററ് അബുദാബി ബാങ്ക്, എമിറേറ്റ്സ് എന്‍ബിഡി ക്യാപ്പിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്ററ്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, എഫ്ജി ഹെര്‍മസ് യുഎഇ, മഷ്റിഖ് ബാങ്ക് എന്നിവയിലൂടെയായിരുന്നു വില്‍പ്പന.
ഒന്നാം ഘട്ട വില്‍പ്പന അവസാനിച്ചെങ്കിലും നവംബര്‍ അഞ്ച് വരെ നിക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാന്‍ അവസരമുണ്ട്. മൂന്നു ഘട്ടങ്ങളിലായി 25 ശതമാനം ഓഹരികളാണ് (258.2 കോടി) ലുലു റീടെയ്ല്‍ ഐപിഒയിലൂടെ വിറ്റഴിക്കുന്നത്. 89 ശതമാനം ഓഹരികള്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യുഐബി) 10 ശതമാനം റീടെയ്ല്‍ നിക്ഷേപകര്‍ക്കും ഒരു ശതമാനം ജീവനക്കാര്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്.
ഓരോ വ്യക്തിക്കും ചുരുങ്ങിയത് 1000 ഓഹരികളും, ലുലു ജീവനക്കാര്‍ക്ക് ചുരുങ്ങിയത് 2000 ഓഹരികളും ഉറപ്പായും ലഭിക്കും. 1.8 ബില്യണ്‍ ഡോളറാണ് ഓഹരി വില്‍പ്പനയിലൂടെ ലുലു ലക്ഷ്യമിടുന്നത്. നവംബര്‍ 14ന് അബുദാബി സ്റേറാക്ക് എക്സ്ചേഞ്ചില്‍ ഓഹരികള്‍ ലിസ്ററ് ചെയ്യും.
ആദ്യ വര്‍ഷത്തെ ലാഭത്തില്‍ നിന്ന് 75 ശതമാനം ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതമായി നല്‍കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.