കുവൈത്ത്: കുവൈത്തിലെ ആരോഗ്യമേഖലയിൽ ഒരു നാഴികക്കല്ലായി, രാജ്യത്ത് ആദ്യമായി മിനിമലി ഇൻവേസിവ് കൊറോണറി ആർട്ടറി ബൈപാസ് സർജറി (MICS CABG) വിജയകരമായി പൂർത്തിയാക്കി.
ചെസ്റ്റ് ഡിസീസസ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. മുഹമ്മദ് മിഷാൽ അൽ-അയ്യാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് നിരവധി രോഗികളിൽ ഈ നൂതന ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
രാജ്യത്ത് ഇതാദ്യമായാണ് ഇത്തരമൊരു ബൈപാസ് ശസ്ത്രക്രിയ നടത്തുന്നത്. സാധാരണയായി നെഞ്ചെല്ലുകൾ പിളർത്തിയാണ് പരമ്പരാഗത ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ നടത്താറുള്ളത്.
എന്നാൽ, MICS CABG ശസ്ത്രക്രിയയിൽ, വാരിയെല്ലുകൾക്കിടയിൽ 5 സെന്റിമീറ്ററിൽ കൂടാത്ത ചെറിയൊരു ദ്വാരം സൃഷ്ടിച്ച് അടഞ്ഞുകിടക്കുന്ന കൊറോണറി ധമനികളിലേക്ക് നേരിട്ട് പ്രവേശിക്കുകയാണ് ചെയ്യുന്നത്. ഇത് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു.
ഈ നൂതന ശസ്ത്രക്രിയയുടെ പ്രധാന നേട്ടങ്ങൾ, നേരിട്ടുള്ള ശസ്ത്രക്രിയയുടെ ആവശ്യകത കുറയ്ക്കുകയും രോഗശാന്തി പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു എന്നതാണ്.
ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മുതൽ അഞ്ച് ദിവസം വരെയുള്ള ദിവസങ്ങൾക്കകം രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങുവാൻ സാധിക്കുമെന്നത് ഈ ചികിത്സാ രീതിയുടെ വലിയ പ്രത്യേകതയാണ്.
രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ നേട്ടമെന്ന് ഡോ. മുഹമ്മദ് മിഷാൽ അൽ-അയ്യാർ അഭിപ്രായപ്പെട്ടു. ഇത് കുവൈത്തിലെ ചികിത്സാ സൗകര്യങ്ങൾക്ക് വലിയൊരു മുന്നേറ്റം നൽകുമെന്നും കൂടുതൽ രോഗികൾക്ക് ആധുനിക ചികിത്സാ രീതികളുടെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.