/sathyam/media/media_files/2025/07/05/syria-isreyel-conference-2025-07-05-16-12-02.jpg)
മിഡിൽ ഈസ്റ്റ്: മദ്ധ്യ പൗരസ്ത്യ ദേശത്തെ ഒരു സുപ്രധാന രാഷ്ട്രീയ സംഭവവികാസത്തിൽ, ഇസ്രായേലും സിറിയയും തങ്ങളുടെ പങ്കിട്ട അതിർത്തിയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി ചർച്ചകൾ ആരംഭിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചർച്ച.
മിഡിൽ ഈസ്റ്റിൽ സ്ഥിരതയും ശാന്തതയും പുനഃസ്ഥാപിച്ച് സമൃദ്ധിയും വികസനവും കൈവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ താൽപര്യത്തിലുള്ള അമേരിക്കൻ മധ്യസ്ഥത എന്ന് തുർക്കിയിലെ യുഎസ് അംബാസഡറും സിറിയയുടെ പ്രത്യേക പ്രതിനിധിയുമായ തോമസ് ബരാക് ജൂനിയർ പറഞ്ഞു.
എന്നാൽ, ഇസ്രായേൽ - സിറിയൻ സൗഹൃദ, നയതന്ത്ര ബന്ധം യാഥാർഥ്യമാക്കുകയെന്നതാണ് ട്രംപിന്റെ യഥാർത്ഥ ഉന്നം.
തന്റെ ആദ്യ പ്രസിഡൻഷ്യൽ ഊഴത്തിൽ ട്രംപ് അബ്രഹാം കരാർ എന്ന പേരിൽ യുഎഇ ഉൾപ്പെടെയുള്ള മുസ്ലിം രാജ്യങ്ങളെ ഇസ്രയേലുമായി ചങ്ങാത്തത്തിൽ എത്തിച്ചിരുന്നു.
ഇറാൻ അനുകൂല സിറിയൻ പ്രസിഡണ്ട് ബഷാർ അസദ് സ്ഥാനമൊഴിഞ്ഞു ഒളിച്ചോടിയ പുതിയ സിറിയയെയും ഇതേ വഴിയിൽ എത്തിച്ച് ഇസ്രായേൽ സൗഹൃദ രാജ്യമാക്കുകയെന്നതാണ് അമേരിക്കയും പ്രത്യേകിച്ച് ട്രംപും ലക്ഷ്യമാക്കുന്നത്. ഇക്കാര്യം മറയില്ലാതെ തോമസ് ബരാക് ന്യൂയോർക്ക് ടൈംസിനോട് പറയുകയും ചെയ്തു.
ജാഗ്രതയോടെയുള്ള നയതന്ത്രം
അതേസമയം, രാജഭരണം പോലെയുള്ള യുഎഇയിലെ സ്ഥിതിയല്ല സിറിയയിലേത്. പുതിയ പ്രസിഡണ്ട് അഹമ്മദ് അൽഷറഅ ആഗ്രഹിച്ചാലും ആഭ്യന്തര വെല്ലുവിളികൾ കാരണം ഇസ്രായേൽ ചങ്ങാത്തത്തിന് സമയമെടുക്കുമെന്നും തോമസ് ബരാക് ചൂണ്ടിക്കാട്ടി.
"ആഭ്യന്തര സമ്മർദ്ദങ്ങൾ മൂലം ഇസ്രായേൽ ബന്ധം സാധാരണവൽക്കരണത്തിലേക്കുള്ള നീക്കം വേഗതയിലാകില്ലാ". അതിനാൽ ജാഗ്രതയോടെയും നയതന്ത്ര ചാതുരിയോടെയുമുള്ള നീക്കങ്ങളേ സിറിയയിൽ പ്രായോഗികമാകൂ.
പുതിയ സമീപനം
മറ്റ് രാജ്യങ്ങളുടെ ഭരണത്തിൽ നേരിട്ട് ഇടപെടുന്നത് പോലുള്ള മുൻകാല യുഎസ് നയങ്ങൾക്ക് പകരം, സാമ്പത്തിക നയതന്ത്രത്തിലൂടെയും പ്രായോഗിക പരിഹാരങ്ങളിലൂടെയും തങ്ങൾക്ക് താല്പര്യമുള്ള രാജ്യങ്ങളിൽ സ്ഥിരത പ്രോത്സാഹിപ്പിക്കുയെന്ന തന്ത്രവും സമീപനവുമാണ് ട്രംപ് കൈക്കൊള്ളുന്നത്.
ഇസ്രയേലിന്റെ യഥാർത്ഥ ശത്രുവായ ഇറാന്റെ ശക്തിയും സ്വാധീനവും സിറിയയിൽ ഇല്ലാതെയായി എന്ന അനുകൂല രാഷ്ട്രീയ ഘടന ഇസ്രായേലിന് വേണ്ടി പരമാവധി ഉപയോഗപ്പെടുത്തുകയാണ് ട്രംപ് ചെയ്യുന്നത്. ഇതിന് സാധിക്കുന്നത്ര അറബ് പരാധികാരികളെയും ട്രംപ് ഉപയോഗപ്പെടുത്തും.
നേരിട്ടുള്ള സൈനിക ഇടപെടൽ കുറയ്ക്കുന്നതിനൊപ്പം വ്യക്തമായ ഫലങ്ങൾ കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ചിന്തയാണ് ഇറാൻ ഒരു കക്ഷിയായി വരുന്ന വിഷയങ്ങളിൽ നല്ലതെന്നാണ് ഇക്കഴിഞ്ഞ ഇറാൻ - ഇസ്രായേൽ യുദ്ധത്തിൽ നിന്ന് ഉണ്ടായിട്ടുള്ളത്.
എങ്കിൽ പോലും, പ്രാദേശിക സങ്കീർണ്ണതകൾ കണക്കിലെടുക്കുമ്പോൾ, സിറിയൻ - ഇസ്രായേൽ അതിർത്തി ചർച്ചകൾ വഴി അമേരിക്കയുടെ വലിയ ലക്ഷ്യം കൈവരിക്കാനാകുമോ, നടക്കുമെങ്കിൽ തന്നെ എത്ര കാലത്തിനകം എന്നതൊന്നും വ്യക്തമല്ല.