കുവൈറ്റിൽ ഇഖാമ ഫീസ് ഒഴിവാക്കിയിട്ടില്ല; വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം

ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനപ്രകാരം ആരോഗ്യ ഇൻഷുറൻസ് ഫീസിൽ മാത്രമാണ് ഇളവ് ബാധകമാകുന്നത്.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait interior ministry

കുവൈറ്റ്: കുവൈറ്റിൽ ഇഖാമ ഫീസ് ഒഴിവാക്കിയിട്ടില്ല. പുതിയ താമസ നിയമപ്രകാരം ഇഖാമ ഫീസിൽ ഇളവുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Advertisment

നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് എല്ലാത്തരം താമസ രേഖകൾക്കുമുള്ള നിശ്ചിത ഫീസുകൾ മാറ്റമില്ലാതെ തുടരുമെന്നും അവ പൂർണ്ണമായും ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.


ഇഖാമ നടപടികൾക്ക് നിലവിലുള്ള ഫീസുകളിൽ യാതൊരു ഇളവും അനുവദിച്ചിട്ടില്ല. നിയമപരമായ എല്ലാ ഫീസുകളും ഗുണഭോക്താക്കൾ അടയ്ക്കേണ്ടതുണ്ട്.

ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനപ്രകാരം ആരോഗ്യ ഇൻഷുറൻസ് ഫീസിൽ മാത്രമാണ് ഇളവ് ബാധകമാകുന്നത്.

കുവൈറ്റി കുടുംബങ്ങളുടെ സ്പോൺസർഷിപ്പിലുള്ള ആദ്യത്തെ മൂന്ന് ഗാർഹിക തൊഴിലാളികൾക്ക് മാത്രമാണ് ആരോഗ്യ ഇൻഷുറൻസ് ഫീസിൽ ഈ ഇളവ് ലഭിക്കുക. നാലാമത്തെ തൊഴിലാളി മുതൽ നിശ്ചിത ഇൻഷുറൻസ് തുക നൽകേണ്ടി വരും.


ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള മറ്റ് വിസ വിഭാഗങ്ങൾക്കോ പ്രവാസികൾക്കോ ഈ ഇളവ് ബാധകമല്ല.


സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും, ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവിടുന്ന വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Advertisment