/sathyam/media/media_files/SEy02p8Uj3oqGDw1uleP.jpg)
ജിദ്ദ: ശാരീരികാസ്വാസ്ഥ്യം മൂലം റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പെരിന്തൽമണ്ണ, ആനമങ്ങാട് സ്വദേശിയും മൊയ്‌തീൻ കുട്ടി - ഫാത്തിമ്മ ദമ്പതികളുടെ മകനുമായ തായ്കോട്ടിൽ ഉമ്മർ (64) ആണ് റിയാദ് ആസ്റ്റർ സനദ് ആശുപത്രിയിൽ വെച്ച് മരിച്ചത്.
ഉമ്മർ ആശുപത്രിയിൽ ചികിത്സയിലായ വിവരത്തെ തുടർന്ന് അദ്ദേഹത്തെ കാണാനും പരിചരിക്കാനും നാട്ടിൽ നിന്ന് ഞായറാഴ്ച്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസിൽ റിയാദിലെത്തിയ ഭാര്യ ഹലീമയെയും ഏകമകൾ നാദയെയും എതിരേറ്റത് അദ്ദേഹം ഒരു മണിക്കൂർ മുമ്പ് അന്ത്യശ്വാസം വലിച്ചതായ വാർത്തയായിരുന്നു.
റിയാദിൽ എയർ പോർട്ടിൽ വെച്ചായിരുന്നു കുടുംബം മരണ വിവരം അറിയുന്നത്. 34 വർഷമായി റിയാദിൽ പ്രവാസ ജീവിതം നയിക്കുന്ന ഉമ്മർ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളിലാണ് സഹോദരൻ അസ്‌കർ അലിയും റിയാദിലെ സാമൂഹ്യ പ്രവർത്തകരും.