മക്ക: വിശുദ്ധ ഹജ്ജ് കർമങ്ങൾ അനുഷ്ടിച്ചു കൊണ്ടിരിക്കേ കഴിഞ്ഞ ജൂൺ 15 ബലിപെരുന്നാൾ ദിവസം മിനായിൽ വെച്ച് അപ്രത്യക്ഷനായ മലയാളി തീർത്ഥാടകൻ മരണപ്പെട്ടതായി നാട്ടിലെ ബന്ധുൾക്ക് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് അറിയിപ്പ്.
മലപ്പുറം, വാഴക്കാട്, വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) ആണ് മരിച്ചതായി സ്ഥിരപ്പെട്ടത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ ഇദ്ദേഹത്തെ കർമങ്ങൾക്കിടെ ജൂണ് 15ന് ശനിയാഴ്ച ബലിപെരുന്നാൾ ദിവസം മുതലാണ് മിനയിൽ വെച്ച് കാണാതായത്.
അറഫ സംഗമത്തിനും മുസ്‌ദലിഫയിലെ രാപ്പാർപ്പിനും ശേഷം പെരുന്നാൾ ദിനം മിനായിൽ തിരിച്ചെത്തിയ മുഹമ്മദ് ഹാജിയെ കാണാനില്ലെന്ന് കൂടെയുണ്ടായിരുന്ന ഭാര്യയും മറ്റു ബന്ധുക്കളും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഇദ്ദേഹത്തിനായി ബന്ധുക്കളും സാമൂഹിക പ്രവർത്തകരും വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ആശുപത്രികൾ, മോർച്ചറികൾ, മരണപ്പെട്ട ഹാജിമാരുടെ വിവരങ്ങൾ തുടങ്ങിയവയിലൂടെയെല്ലാം അന്വേഷണം നീണ്ടെങ്കിലും ഫലം കണ്ടിരുന്നില്ല.
ഇപ്പോൾ മിനയോട് സമീപമുള്ള ഒരു മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സംസ്കരിക്കുന്ന കാര്യം ഖത്തറിലുള്ള മകൻ മക്കയിലെത്തിയ ശേഷം തീരുമാനിക്കും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി തീർത്ഥാടകനായ മുഹമ്മദ് മെയ് 22 നായിരുന്നു ഭാര്യാ സമേതം ഹജ്ജിന് പുറപ്പെട്ടത്. ഭർത്താവിനെ സുരക്ഷിതമായി കണ്ടെത്തുമെന്ന പ്രതീക്ഷയിൽ കൂടെയുള്ളവർ മദീനയിൽ നിന്ന് മടങ്ങുകയും ചെയ്തിരുന്നു.
പിതാവിനെ കാൺമാനില്ലെന്ന വിവരം കിട്ടിയപ്പോൾ ഗൾഫിലുള്ള മക്കൾ റിയാസ്, സൽമാൻ എന്നിവർ മക്കയിൽ എത്തി അന്വേഷണത്തിൽ വ്യാപൃതരായിരുന്നു.