/sathyam/media/media_files/ex4sBEqkBfQAA93KMHE0.jpg)
ജിദ്ദ: എണ്ണയുടെ ഉത്പാദനം ദിനംപ്രതി ഒരു ദശലക്ഷം ബാരൽ എന്ന തോതിൽ സ്വമേധയാ കുറച്ചു കൊണ്ടു സൗദി എടുത്ത തീരുമാനം നടപ്പിലാക്കുന്നത് അടുത്ത വര്ഷം ആദ്യപാദം അവസാനിക്കുന്നത് വരെ തുടർത്താൻ സൗദി അറേബ്യ തീരുമാനിച്ചു.
2023 ജൂലൈ മുതൽ സൗദി പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്ന ഉത്പാദനം കുറക്കൽ തീരുമാനമാണ് നീട്ടുന്നതെന്ന് ഇക്കാര്യം പുറത്തുവിട്ട ഊർജ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഒപെക്സ് പ്ലസ് ഉടമ്പടിയിൽ ചില രാജ്യങ്ങളുമായി സഹകരിച്ചു കൊണ്ടുള്ളതാണ് ഇത്തരം നടപടികളെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിവരിച്ചു. ഇതോടെ 2024 മാർച്ച് അവസാനം വരെ സൗദിയുടെ പ്രതിദിന എണ്ണയുൽപാദനം ഒമ്പത് ദശലക്ഷം ബാരൽ എന്നതാകും.
അതേസമയം, വിപണി സ്ഥിരതയെ പിന്തുണയ്ക്കുന്നതിനായി, വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഈ അധിക കുറയ്ക്കൽ അളവ് ക്രമേണ പുനഃസ്ഥാപിക്കപ്പെടുമെന്നും ഔദ്യോഗികമായി വ്യക്തമാക്കുന്നുമുണ്ടു.
2023 ഏപ്രിലിൽ രാജ്യം മുമ്പ് പ്രഖ്യാപിച്ചതും 2024 ഡിസംബർ അവസാനം വരെ നീണ്ടുനിൽക്കുന്നതുമായ പ്രതിദിനം 500,000 ബാരലുകൾ സ്വമേധയാ കുറക്കുന്നതിന് പുറമേയാണ് ഈ 2023 ജൂലൈ മുതൽ തുടങ്ങിയതും ഇപ്പോൾ കാലാവധി കൂടിയതുമായ ഉല്പാദനക്കമ്മിയെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us