ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷം ആരംഭിച്ചു; ബിസിനസ്സ് ഐക്കണ്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

കേരളത്തനിമ നിറഞ്ഞ വേഷങ്ങളുടെ ദൃശ്യ വിരുന്നൊരുക്കിയ ഓണപ്പുടവ മത്സരം കാണികളുടെ കയ്യടി നേടി

New Update
Uonntitledona

മനാമ: ഓഗസ്റ്റ് 30 മുതല്‍ ആരംഭിച്ച ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷം ശ്രാവണം 2024 ന്റെ ആഘോഷങ്ങളില്‍ മുഖ്യാതിഥികളായി എന്‍. കെ. പ്രേമചന്ദ്രന്‍ എം. പിയും പി. ആര്‍. മഹേഷ് എംഎല്‍എയും പങ്കെടുത്തു. 

Advertisment

സമാജം ഡിജെ ഹാളില്‍ 7.45 ഓടെ ആരംഭിച്ച പരിപാടികളില്‍ അന്‍പതോളം വരുന്ന സോപാനം വാദ്യകലാസംഘ കലാകാരന്മാരുടെ ചെണ്ടമേളത്തോടെ തുടക്കം കുറിച്ചത് കാണികള്‍ക്കു ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കി. തുടര്‍ന്ന് ജ്യോതിരാജ് ചിട്ടപ്പെടുത്തിയ ഓണം ഫ്യൂഷന്‍ ഡാന്‍സില്‍ മുപ്പതോളം കലാകാരികള്‍ പങ്കെടുത്തു.

സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ സമാജം ജനറല്‍ സെക്രെട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതം ആശംസിച്ചു. 

ചടങ്ങില്‍ ബി. കെ. എസ്. ബിസിനസ് ഐക്കണ്‍ അവാര്‍ഡ്, ആര്‍. വി.  ട്രേഡിങ്ങ് കമ്പനി മേധാവിയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനുമായ റഹിം ഭാവ കുഞ്ഞിന് സമ്മാനിച്ചു. ബി. കെ. എസ്. യങ് ബിസിനസ് ഐക്കണ്‍ അവാര്‍ഡിനര്‍ഹനായ ഇബ്രാഹിം അദുഹമിനെയും ചടങ്ങില്‍ ആദരിച്ചു.

സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രേമചന്ദ്രന്‍ മാറുന്ന കാലഘട്ടത്തിലും മതസൗഹാര്‍ദ്ദവും ഐക്യവും ഉറപ്പാക്കിക്കൊണ്ട് കേരളീയ സമാജം നടത്തുന്ന ഓണാഘാഷം തുടങ്ങിയുള്ള പരിപാടികളെ മുക്തകണ്ഠം പ്രശംസിച്ചു. 

ooUntitledona

നാട്ടില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന ഇത്തരം ആഘോഷങ്ങള്‍ക്ക് വിദേശ മണ്ണില്‍ ബഹ്റൈന്‍ മലയാളി പ്രവാസി സമൂഹം കൊടുക്കുന്ന പ്രാധാന്യം മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച പി. ആര്‍. മഹേഷും വിദേശ മണ്ണില്‍ നടത്തുന്ന അതുല്യമായ പ്രവര്‍ത്തനങ്ങള്‍ക്കു ബഹ്റൈന്‍ കേരളീയ സമാജത്തെയും പി വി രാധാകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള അതിന്റെ സാരഥികളെയും അനുമോദിച്ചു. 

ബി കെ എസ് ബിസിനസ് ഐക്കോണ്‍ അവാര്‍ഡ് ജേതാവ് റഹിം ഭാവ കുഞ്ഞിന് കരുനാഗപ്പള്ളിയില്‍ ഒരു സ്വീകരണമൊരുക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ശ്രാവണം 2024 ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോര്‍ജ് യോഗത്തിനു നന്ദി പറഞ്ഞു.

തുടര്‍ന്ന് നടന്ന ഓണപ്പുടവ മത്സരത്തില്‍ പന്ത്രണ്ടോളം ടീമുകള്‍ മാറ്റുരച്ചു. കേരളത്തനിമ നിറഞ്ഞ വേഷങ്ങളുടെ ദൃശ്യ വിരുന്നൊരുക്കിയ ഓണപ്പുടവ മത്സരം കാണികളുടെ കയ്യടി നേടി. 

മത്സരത്തില്‍ ശ്രേഷ്ഠ ബഹ്റൈന്‍, ടീം കെവിന്‍, ബി. കെ. എസ്സ്. സാഹിത്യ വിഭാഗം എന്നീ ടീമുകള്‍  യഥാക്രമം ഒന്ന് രണ്ടു മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഓണപ്പുടവ മത്സരം കണ്‍വീനര്‍ ബ്രിന്‍സി റോയ് നന്ദി പറഞ്ഞു. 

തുടര്‍ന്ന് ശ്രാവണം 2024 ന്റെ ഭാഗമായി ഇതുവരെ നടന്ന മത്സരങ്ങള്‍ക്കും പരിപാടികള്‍ക്കും നേതൃത്വം കൊടുത്ത കണ്‍വീനര്‍മാരെയും ജോയിന്റ് കണ്‍വീനര്‍മാരെയും മൊമെന്റോകള്‍ നല്‍കി ആദരിച്ചു.   

വരും ദിവസങ്ങളിലും ശ്രാവണം 2024 ന്റെ ഭാഗമായുള്ള വൈവിധ്യങ്ങളായ മത്സരങ്ങളും പരിപാടികളും സമാജത്തില്‍ അരങ്ങേറും. സെപ്റ്റംബര്‍ 28 നാണു സമാജത്തിലെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് കൊടിയിറങ്ങുക.

Advertisment