കുവൈറ്റ്: കുവൈറ്റിന്റെ വ്യോമയാന മേഖലയെ ആധുനികവത്കരിക്കാനും അന്താരാഷ്ട്ര നിലവാരങ്ങൾക്കനുസരിച്ച് ഉയർത്താനും ലക്ഷ്യമിട്ടുള്ള പുതിയ സിവിൽ ഏവിയേഷൻ നിയമം നിലവിൽ വന്നു.
2025-ലെ ഡിക്രീ ലോ നമ്പർ 85 അനുസരിച്ച്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എന്ന സ്ഥാപനം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ആയി പുനഃസംഘടിപ്പിക്കും.
ഈ നിയമം കുവൈറ്റിന്റെ വ്യോമയാന ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ പ്രസിഡന്റ് ഷെയ്ഖ് ഹമൂദ് മുബാറക് അൽ-ഹമൂദ് അൽ-ജാബർ അൽ-സബാഹ് പറഞ്ഞു.
1960-ലെ ആദ്യ നിയമങ്ങൾക്ക് ശേഷം 65 വർഷം കഴിഞ്ഞാണ് ഈ മാറ്റം വരുന്നത്. പുതിയ നിയമം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻപ്രവർത്തനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യവും സുതാര്യതയും ഉറപ്പാക്കും.
പുതിയ നിയമത്തിന്റെ പ്രധാന നേട്ടങ്ങൾ:
അന്താരാഷ്ട്ര നിലവാരം: ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) നിശ്ചയിച്ച ആഗോള മാനദണ്ഡങ്ങൾ പാലിക്കാൻ ഇത് സഹായിക്കും.
മേഖലയുടെ വികസനം: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും യാത്രക്കാർക്കും വിമാനക്കമ്പനികൾക്കും മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും സാധിക്കും.
സാമ്പത്തിക വളർച്ച: എണ്ണയെ മാത്രം ആശ്രയിക്കാതെയുള്ള സാമ്പത്തിക വികസനത്തിനുള്ള കുവൈറ്റിന്റെ ദേശീയ തന്ത്രത്തിന് ഈ നിയമം കരുത്ത് പകരും.
ഈ നേട്ടം കൈവരിക്കുന്നതിന് പിന്തുണ നൽകിയ കുവൈറ്റ് നേതൃത്വത്തിന് ഷെയ്ഖ് ഹമൂദ് നന്ദി രേഖപ്പെടുത്തി.