കുവൈത്ത്: കെട്ടിടം പൊളിച്ചതിനെത്തുടർന്ന് കെട്ടിട ഉടമയുടെ നിർദ്ദേശപ്രകാരം 471 പേരുടെ താമസ വിലാസം റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഇവരുടെ പേരുകൾ ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അൽ-യൗമി'യിൽ പ്രസിദ്ധീകരിച്ചു.
പുതിയ വിലാസം രജിസ്റ്റർ ചെയ്യുന്നതിന് ഈ 471 പേരോടും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പി.എ.സി.ഐ.യുടെ ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ 'സഹൽ' ആപ്ലിക്കേഷൻ വഴിയോ ആവശ്യമായ രേഖകൾ സമർപ്പിച്ച് പുതിയ വിലാസം ചേർക്കാവുന്നതാണ്.
പേരുകൾ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം പുതിയ വിലാസം രജിസ്റ്റർ ചെയ്യാത്തവർക്ക് പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 1982-ലെ നിയമം നമ്പർ 33, ആർട്ടിക്കിൾ 33 പ്രകാരം, 100 ദീനാറിൽ കൂടാത്ത പിഴയാണ് ചുമത്തുക. വ്യക്തികളുടെ എണ്ണത്തിനനുസരിച്ച് ഈ പിഴ തുക വർധിക്കാനും സാധ്യതയുണ്ട്.
പൊതുജനങ്ങളുടെ വിവരങ്ങൾ കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.എ.സി.ഐ. ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. കെട്ടിടങ്ങൾ പൊളിക്കുകയോ, താമസം മാറിക്കഴിയുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ വ്യക്തികൾ പുതിയ വിലാസം അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്.