മുഖ്യമന്ത്രി പിണറായി വിജയന്റെ ദിദ്വിന കുവൈത്ത് സന്ദർശനം പൂർത്തിയാക്കി യു എ ഇ യിലേക്ക് തിരിച്ചു

ഗൾഫ് രാജ്യങ്ങളിൽ കേരളത്തിന്റെ പ്രാധാന്യം ഉറപ്പിക്കുന്നതിനും പ്രവാസികളുടെ ക്ഷേമം ചർച്ച ചെയ്യുന്നതിനും ഈ പൊതുപരിപാടി വേദിയായി.

New Update
pinarayi

കുവൈത്ത്: കേരള മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക കുവൈത്ത് സന്ദർശനം പൂർത്തിയാക്കി യുഎഇയിലേക്ക് തിരിച്ചു.

Advertisment

നിക്ഷേപ സാധ്യതകൾ തേടിയുള്ള കൂടിക്കാഴ്ചകളിലും പ്രവാസി മലയാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും സന്ദർശനം ശ്രദ്ധ കേന്ദ്രീകരിച്ചു.

തിരുവനന്തപുരത്ത് നിന്ന് കുവൈത്ത് എയർവെയ്‌സ് വിമാനത്തിൽ വ്യാഴാഴ്ച (നവംബർ 6) പുലർച്ചെ കുവൈത്തിൽ എത്തിയത് മുഖ്യമന്ത്രിയെ സ്വീകരിക്കാൻ  ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകും ഒപ്പമുണ്ടായിരുന്നു.

സന്ദർശന വേളയിൽ കുവൈത്തിലെ പ്രമുഖ ഭരണകർത്താക്കളുമായും സാമ്പത്തിക രംഗത്തെ തലവന്മാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ചകൾ നടത്തി.


കുവൈത്ത് ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ മലയാളി സമൂഹത്തിന്റെ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായി.


കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (KIA) ചെയർമാനുമായ ഡോ. സബീഹ് അൽ മുഖൈസീം, KIA ഡയറക്ടർ ബോർഡ് അംഗം ഷെയ്ഖ് മിഷാൽ അൽ ജാബർ അൽ സബാഹ് എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ഏറെ പ്രാധാന്യമുണ്ട്. കേരളത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടന്നതായാണ് സൂചന.

 ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് സഞ്ജയ് മുഖ്‌ളയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

 പ്രവാസി സമൂഹവുമായി സംവാദം

തന്റെ സന്ദർശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മലയാളി പൗരപ്രമുഖരുമായും കൂടിക്കാഴ്ചകൾ നടത്തി.  വൈകുന്നേരം കല കുവൈത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം കുവൈത്തിലെ പരിപാടികൾ പൂർത്തിയാക്കിയത്.

ഗൾഫ് രാജ്യങ്ങളിൽ കേരളത്തിന്റെ പ്രാധാന്യം ഉറപ്പിക്കുന്നതിനും പ്രവാസികളുടെ ക്ഷേമം ചർച്ച ചെയ്യുന്നതിനും ഈ പൊതുപരിപാടി വേദിയായി.

 അബുദബിയിലേക്ക്

കുവൈത്ത് സന്ദർശനം പൂർത്തിയാക്കി ഇന്ന് രാത്രി തന്നെ പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ പ്രത്യേക വിമാനത്തിൽ മുഖ്യമന്ത്രി അബുദബിയിലേക്ക് തിരിച്ചു. ഇന്ന് നവംബർ 8 അബുദബിയിൽ നടക്കുന്ന പ്രവാസി മലയാളികളുടെ സ്വീകരണ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.

Advertisment