/sathyam/media/media_files/2026/03/02/plane-2026-03-02-21-31-16.jpg)
ഡൽഹി: മിഡിൽ ഈസ്റ്റിലെ വ്യോമപാതയിലുണ്ടായ മാറ്റങ്ങളെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളിൽ കാര്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. നിയന്ത്രണങ്ങളുള്ള വ്യോമമേഖല ഒഴിവാക്കി ബദൽ പാതകളിലൂടെ ദീർഘദൂര സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.
വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് മന്ത്രാലയം പ്രത്യേക മുൻഗണന നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി മാർച്ച് 3-ന് ജെദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് പത്ത് പ്രത്യേക സർവീസുകൾ നടത്താൻ ഇൻഡിഗോ എയർലൈൻസ് തീരുമാനിച്ചിട്ടുണ്ട്.
ജെദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചായിരിക്കും ഈ സർവീസുകൾ ഏകോപിപ്പിക്കുക. നിലവിലെ സാഹചര്യത്തിൽ വിദേശ വിമാനക്കമ്പനികളും ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിലവിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്തി.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ടിക്കറ്റ് തുക തിരികെ നൽകുന്നതിലും യാത്ര പുനഃക്രമീകരിക്കുന്നതിലും വിമാനക്കമ്പനികൾ കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വിദേശകാര്യ മന്ത്രാലയവുമായും വിവിധ ഏവിയേഷൻ അതോറിറ്റികളുമായും ചേർന്ന് സ്ഥിതിഗതികൾ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സാഹചര്യം മാറുന്നതിനനുസരിച്ച് കൂടുതൽ അപ്ഡേറ്റുകൾ നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us