കുവൈത്ത്: കുവൈത്തിൽ ചെമ്മീൻ കൃഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള ബയോഫ്ലോക്ക് സാങ്കേതികവിദ്യ വികസിപ്പിച്ചതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ ഗവേഷക ഡോ. ഷിറീൻ അൽ-സുബൈ അറിയിച്ചു.
ഈ നൂതന സാങ്കേതികവിദ്യ പ്രാദേശിക ചെമ്മീൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും വിപണിയിൽ പുതിയ ഉണർവ് നൽകാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബയോഫ്ലോക്കലൈസേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ക്യുബിക് മീറ്ററിൽ നിന്ന് 2.8 കിലോഗ്രാം ചെമ്മീൻ വിളവെടുക്കാൻ സാധിച്ചതായി ഡോ. ഷിറീൻ അൽ-സുബൈ വ്യക്തമാക്കി. വിളവെടുപ്പിന് ശേഷം കേവലം രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഈ ചെമ്മീൻ പ്രാദേശിക വിപണിയിൽ എത്തിക്കാൻ സാധിച്ചു എന്നതും ഈ സാങ്കേതികവിദ്യയുടെ വലിയൊരു നേട്ടമാണ്.
ഈ കൃഷിരീതിയിൽ രാസവസ്തു രഹിതമായ തീറ്റയാണ് ഉപയോഗിക്കുന്നത്. കൂടാതെ, പരിസ്ഥിതി സൗഹൃദ പരമായ ബാക്ടീരിയകളെ ആശ്രയിച്ചുള്ളതിനാൽ ഉൽപ്പാദിപ്പിക്കുന്ന ചെമ്മീൻ വളരെ പുതുമയുള്ളതും ഉയർന്ന നിലവാരമുള്ളതുമാണെന്ന് അൽ-സുബൈ അൽ റായ് ദിനപ്പത്രത്തോട് പറഞ്ഞു.
സ്വകാര്യ മേഖലയ്ക്കും ഫാം ഉടമകൾക്കും ചെമ്മീൻ കൃഷിക്കായി ഈ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിക്കാനാകും.
പ്രാദേശിക വിപണിയിൽ ഏറ്റവും ഫ്രഷ് ആയ ചെമ്മീൻ അതിവേഗം വിപണനം ചെയ്യാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നും ഡോ. അൽ-സുബൈ കൂട്ടിച്ചേർത്തു.
കുവൈത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഈ കണ്ടുപിടിത്തം നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.