/sathyam/media/media_files/wapcdased4J7rpHCwUf9.jpg)
ജിദ്ദ: റിയാദിൽ ഏറെ കാലം പ്രവാസിയായിരുന്ന മലയാളി മധ്യവയസ്കനെ സ്വന്തം മകൻ ചുറ്റിക കൊണ്ട് തല്ലിക്കൊന്നു. കൊല്ലം, മങ്ങാട്, മൂന്നാംകുറ്റി, താവിട്ടുമുക്ക് ഇന്ദ്രശീലയിൽ രവീന്ദ്രൻ (65) ആണ് മകൻ അഖിൽ നടത്തിയ ക്രൂരകൃത്യത്തിൽ മരിച്ചു വീണത്.
ഭാര്യ; പ്രശോഭ. മറ്റൊരു മകൻ: അർജുൻ പ്രസൂൺ. ഇദ്ദേഹം വിദേശത്താണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നാം കുറ്റിയിലെ രവീന്ദ്രൻ തന്നെ നടത്തുന്ന സിറ്റി മാക്‌സ് കളക്ഷൻസ് എന്ന ഫാൻസി കടയിൽ വെച്ചായിരുന്നു കൊലപാതകം.
ഉച്ചയോടെ മകനും അച്ഛനും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ കടയിലെ ബാറ്റു കൊണ്ട് രവീന്ദ്രൻ അഖിലിനെ അടിച്ചു. ഇതിൽ പ്രകോപിതനായ അഖിൽ ചുറ്റിക ഉപയോഗിച്ച് രവീന്ദ്രനെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.
സംഭവം നടക്കുമ്പോൾ കടയിലെ ജീവനക്കാരി മാത്രമാണ് കടയിലുണ്ടായിരുന്നത്. ജീവനക്കാരിയാണ് അടുത്തുള്ള കടയിൽ ചെന്ന് വിവരം പറഞ്ഞത്. നാലുവർഷം മുമ്പാണ് രവീന്ദ്രൻ പ്രവാസം മതിയാക്കി സ്വദേശത്തെത്തി ഒരു ഫാൻസി സ്റ്റോർ തുടങ്ങിയത്.