ദുബായ്: വിദേശ രാജ്യങ്ങളിലെ വിദഗ്ദ്ധരുടെ കഴിവും നൈപുണ്യവും യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയ റിമോട്ട് വര്‍ക്ക് സമ്പ്രദായത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് സുപ്രധാനമായ തീരുമാനമെടുത്തത്.
പ്രത്യേക ജോലികള്‍ നിര്‍വഹിക്കുന്നതിനും, പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനും, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്നതിനും യുഎഇക്ക് പുറത്തുനിന്നുള്ള കഴിവുകളും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുന്നതിനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2017 മുതല്‍ ഫെഡറല്‍ സ്ഥാപനങ്ങളില്‍ യുഎഇ വിദൂര ജോലി സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇത് ബാധകമാക്കുന്നത് ആദ്യമായാണ്.
"ഈ സംവിധാനം ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കായുള്ള പദ്ധതികളും പഠനങ്ങളും നടപ്പിലാക്കുന്നതിന് ആഗോള വൈദഗ്ധ്യവും പ്രത്യേക കഴിവുകളും ഉപയോഗപ്പെടുത്താന്‍ യുഎഇയെ പ്രാപ്തമാക്കും," യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റാഷിദ് അല്‍ മക്തൂം മന്ത്രിസഭാ യോഗത്തിന് ശേഷം എക്സില്‍ കുറിച്ചു.
യുഎഇക്ക് പുറത്തുനിന്നുള്ള വിദൂര ജോലികള്‍ സംബന്ധിച്ച് സ്ഥാപനങ്ങളുടെ അധികാരികള്‍ തീരുമാനമെടുക്കുകയും കരാര്‍ ജീവനക്കാരുടെ സേവന~വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുകയും ചെയ്യും. ജിഡിപിയിലേക്കുള്ള ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ സംഭാവന 9.7 ശതമാനത്തില്‍ നിന്ന് 19.4 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന ദേശീയ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ നയവും യുഎഇ മന്ത്രിസഭ അവലോകനം ചെയ്തു.
"അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ ദേശീയ സംരംഭങ്ങളിലൂടെയും പദ്ധതികളിലൂടെയും ആഗോള ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്," ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.