/sathyam/media/media_files/QE3Kyo8btHBorZJv4Up8.jpg)
കുവൈറ്റ്: വാഹനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കി കുവൈറ്റിലെ ഏകീകൃത സർക്കാർ ആപ്പായ 'സഹൽ' . വാഹനത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരാളിലേക്ക് കൈമാറുന്നതിനും, ഒരാൾക്ക് വാഹനം ഓടിക്കാനുള്ള നിയമപരമായ അനുമതി നൽകുന്നതിനുമുള്ള സേവനങ്ങൾ ഇനി മുതൽ ആപ്പ് വഴി പൂർത്തിയാക്കാം.
വാഹന കൈമാറ്റ നടപടികൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കിയതോടെ ഇനി ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ ഉടമസ്ഥാവകാശം മാറ്റാൻ സാധിക്കും. എന്നാൽ ഇതിനായി വിൽക്കുന്നയാൾക്കും വാങ്ങുന്നയാൾക്കും കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം.
കൂടാതെ, ഇരുവർക്കും ട്രാഫിക് പിഴകൾ നിലവിലുണ്ടാകാൻ പാടില്ലെന്നും വാഹനത്തിന്മേൽ മറ്റ് സാമ്പത്തിക ബാധ്യതകളോ ഗഡുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ വ്യക്തമാക്കി.
അപേക്ഷ നൽകി 48 മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ അത് സ്വയമേവ റദ്ദാക്കപ്പെടും. വെറും 5 ദിനാർ മാത്രമാണ് ഈ സേവനത്തിനുള്ള നിരക്ക്.
ഇതോടൊപ്പം തന്നെ ശ്രദ്ധേയമായ മറ്റൊരു സേവനമാണ് വാഹന ഉപയോഗത്തിനുള്ള അനുമതി പത്രം. നിങ്ങളുടെ വാഹനം മറ്റൊരാൾക്ക് ഓടിക്കാൻ നൽകണമെങ്കിൽ ഇനി മുതൽ സഹൽ ആപ്പ് വഴി ഓൺലൈനായി അനുമതി നൽകാം.
നിശ്ചിത കാലാവധി നിശ്ചയിക്കാനും, ആവശ്യമെങ്കിൽ എപ്പോൾ വേണമെങ്കിലും ഈ അനുമതി റദ്ദാക്കാനും ഉടമയ്ക്ക് അധികാരമുണ്ടാകും. വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ഒരേപോലെ ആശ്വാസം നൽകുന്ന ഈ പുതിയ പരിഷ്കാരം കുവൈറ്റിലെ ഡിജിറ്റൽ സേവന രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us