/sathyam/media/media_files/cT1eFQpvRxcfOdF9PS2h.jpg)
കുവൈത്ത്: രാജ്യത്തെ വിനോദസഞ്ചാര മേഖലയെ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സഹേൽ ആപ്പിൽ “വോളണ്ടിയർ ടൂറിസ്റ്റ് ഗൈഡ്” എന്ന പുതിയ ഇ-സേവനം ഉൾപ്പെടുത്തി. വിവര മന്ത്രാലയത്തിന്റെ ടൂറിസം സർവീസസ് വിഭാഗത്തിലാണ് പുതിയ സേവനം ചേർത്തിരിക്കുന്നത്.
രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് സന്നദ്ധപ്രവർത്തകരെ ടൂർ ഗൈഡുകളായി ലഭ്യമാക്കുന്നതിനാണ് പദ്ധതി.
സമ്പന്നവും വൈവിധ്യമാർന്നതുമായ ടൂറിസം അനുഭവം സന്ദർശകർക്ക് നൽകുക, കുവൈത്തിന്റെ ആതിഥ്യമര്യാദയും ദേശീയ സ്വത്വവും ലോകത്തിന് മുന്നിൽ പ്രതിഫലിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
സേവനത്തിന് അപേക്ഷിക്കാനുള്ള പ്രക്രിയ വളരെ ലളിതമാണ്. അപേക്ഷകർ സ്വന്തം വ്യക്തിഗത വിവരങ്ങൾ സഹേൽ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. അപേക്ഷ ലഭിച്ചാൽ അറിയിപ്പ് നൽകുകയും പിന്നീട് വ്യക്തിഗത അഭിമുഖത്തിനായി വിളിക്കുകയും ചെയ്യും.
ആശയവിനിമയ കഴിവ്, സാംസ്കാരിക വിജ്ഞാനം, സന്നദ്ധതാ മനോഭാവം തുടങ്ങിയവയാണ് അഭിമുഖത്തിൽ പരിശോധിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനം നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ വിനോദസഞ്ചാര മേഖലയെ കൂടുതൽ ആകർഷകമാക്കുന്നതിനായി അടുത്ത നവംബർ ഒന്നിന് കുവൈത്ത് വിസിറ്റ് പ്ലാറ്റ്ഫോം പുറത്തിറക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.