ജിദ്ദ: മദീനയിലെ ഹറം പള്ളിയിൽ നിസ്കരിച്ചു കൊണ്ടിരിക്കേ തളർന്ന് വീണ് ചികിത്സയിലായിരുന്ന മലയാളി തീർത്ഥാടകൻ മരണപ്പെട്ടു. കൊല്ലം, സലിം മൻസിലിൽ ബഷീർ അഹ്‌മദ് എന്ന സലിം (69) ആണ് മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരിക്കേ മരിച്ചത്.
ഭാര്യ: താജുന്നീസ ബീവി. മക്കൾ: ഡോ. മുഹമ്മദ് ഹുസൈൻ (ഖത്തർ), മുഹമ്മദ് സുൽഫീക്കർ (അയ് ദാൻ ഗ്ലോബൽ, കൊല്ലം), മുഹമ്മദ് നൗഫൽ ( ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ). സഹോദരങ്ങൾ: അഹ്ദ് കബീർ, തജ്‌മൽ ഹുസൈൻ, മഹ്റുന്നിസ, നൂർജഹാൻ, പരേതയായ ജമീല. മരുമക്കൾ: സിസ്‌ന സുൽഫി, തസ്‌നീം നൗഫൽ, ഫിർദൗസ് ഹുസൈൻ.
ഭാര്യ, ഡോ. മുഹമ്മദ് ഹുസൈൻ, അദ്ദേഹത്തിന്റെ കുടുംബം എന്നിവർ സഹിതം ഖത്തറിൽ നിന്നാണ് സലിം പുണ്യഭൂമിയിൽ എത്തിയത്. ഭാര്യാ സമേതം സന്ദർശന വിസയിൽ ഖത്തറിലുള്ള മകൻ ഡോ. മുഹമ്മദ് ഹുസൈന്റെ അടുത്തെത്തിയ സലിം അവിടുന്ന് ഉംറ വിസയിൽ സൗദിയിലേക്ക് പോവുകയായിരുന്നു.
ഉംറ നിർവഹിച്ച ശേഷം മദീനാ സിയാറത്ത് പൂർത്തിയാക്കി കൊണ്ടിരിക്കേ ആശുപത്രിയിലാവുകയായിരുന്നു.തിങ്കളാഴ്ച മദീന മസ്ജിദുന്നബവിയിൽ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ തളർന്ന് വീണ അദ്ദേഹത്തെ ഉടൻ മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ബുധനാഴ്ച്ച അന്ത്യശ്വാസം വലിക്കുകയായിരുന്നു.
നാട്ടിലുള്ള മക്കൾ കൂടി എത്തിയ ശേഷം മൃതദേഹം വെള്ളിയാഴ്ച മദീനയിൽ തന്നെ ഖബറടക്കാനുള്ള നീക്കങ്ങളിലാണ് ബന്ധുക്കൾ.