ജിദ്ദ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ സൗദി അറേബ്യയുടെ എംബസി കെട്ടിടം വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഉദ്‌ഘാടനം ചെയ്തു. സൗദി എംബസി കെട്ടിടത്തിലെ ശിലാഫലകം അദ്ദേഹം അനാവരണം ചെയ്തു.
റഷ്യിലെ സൗദി അംബാസഡർ അബ്ദുൽ റഹ്മാൻ അൽഅഹ്‌മദി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഔദ്യോഗിക റഷ്യൻ സന്ദർശനാർത്ഥം കഴിഞ്ഞ വ്യാഴാഴ്ചയാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ഫർഹാൻ രാജകുമാരൻ മോസ്‌കോയിൽ എത്തിയത്.
വെള്ളിയാഴ്ച നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ഫലസ്തീൻ വിഷയത്തിലെ നിലപാട് ഇരുവരും ആവർത്തിച്ചു.
1967 ലെ അതിർത്തിക്കുള്ളിൽ ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള തങ്ങളുടെ രാജ്യങ്ങളുടെ പിന്തുണ രണ്ട് രാജ്യങ്ങളും പുതുക്കി.
തർക്ക വിഷയങ്ങളുടെ പരിഹാരത്തിന് സംഭാഷണങ്ങളും നയതന്ത്ര വഴിയോ പിന്തുടരേണ്ടതിന്റെ ആവശ്യകതയും ഇരുവരും അടിവരയിട്ടു. ഫലസ്തീൻ വിഷയത്തിൽ റഷ്യയുടെ തത്വാധിഷ്ഠിത നിലപാടിനെയും സൗദി വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു.
/filters:format(webp)/sathyam/media/media_files/2025/07/06/untitledmusksa-2025-07-06-14-33-50.jpg)
ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഒരു സമ്മേളനം ആരംഭിക്കുന്നതിന് ഉചിതമായ തീയതി നിർണ്ണയിക്കാൻ ഫ്രാൻസുമായി കൂടിയാലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം, ഗാസ മുനമ്പിൽ അടിയന്തരവും സ്ഥിരവും സുസ്ഥിരവുമായ വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ ആവശ്യപ്പെടുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
അതിനാൽ, വെടിനിർത്തൽ കൈവരിക്കുന്നതിനും ഗാസയിലെ ഭയാനകമായ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതിനുമാണ് നിലവിൽ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള നടത്തിക്കൊണ്ടിരിക്കുന്ന സന്ദർശനം ഫലസ്തീൻ, ഉക്രൈൻ, ഇറാൻ തുടങ്ങിയ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രധാനമാണെന്നാണ് വിലയിരുത്തൽ.
സന്ദർശനത്തിനിടെ, മേഖലയിലെയും രാജ്യാന്തര തലത്തിലെയും പ്രധാന വിഷയങ്ങൾക്ക് പുറമെ പൊതു താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും ഉഭയകക്ഷി ബന്ധങ്ങളും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും റഷ്യൻ നേതാക്കളുമായി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ചർച്ച ചെയ്തു വരികയാണ്.