/sathyam/media/media_files/2025/09/23/untitled-2025-09-23-15-32-06.jpg)
ജിദ്ദ: സൗദി അറേബ്യയിലെ ഗ്രാൻഡ് മുഫ്തിയും, മുതിർന്ന പണ്ഡിതന്മാർ ഉൾപ്പെടുന്ന പണ്ഡിത സഭയുടെ അദ്ധ്യക്ഷനും, മതവിധിയും മതഗവേഷണവും നടത്താൻ ചുമതലയുള്ള ജനറൽ പ്രസിഡൻസിയുടെ തലവനും, മുസ്ലീം വേൾഡ് ലീഗിന്റെ സുപ്രീം കൗൺസിൽ പ്രസിഡന്റുമായ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അലുശൈഖ് അന്തരിച്ചു. 82 വയസ്സുകാരനാണ് അദ്ദേഹം.
ഇന്ന് തന്നെ അസർ നമസ്കാരത്തിന് ശേഷം റിയാദ് നഗരത്തിലുള്ള ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ അദ്ദേഹത്തിന്റെ പേരിലുള്ള ജനാസ ഉണ്ടാകുമെന്നും വിയോഗ വിവരം അറിയിച്ചു കൊണ്ട് സൗദി റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവന തുടർന്നു.
രാജ്യം 95 )മത് ദേശീയ ദിനം ആഘോഷപൂർവം ആചരിക്കുന്നതിനിടയിലാണ് മതരംഗത്തെ ഏറ്റവും വിശിഷ്ട വ്യക്തിയുടെ വിയോഗ വാർത്ത വന്നത്.
മക്ക, മദീന എന്നിവിടങ്ങളിലെ ഹറം ശരീഫ് ഉൾപ്പെടെ രാജ്യത്തെ മുഴുവൻ പള്ളികളിലും വെച്ച് പരേതന്റെ പേരിൽ ജനാസ നിസ്കാരം നിർവഹിക്കണമെന്ന് ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ വിയോഗത്തോടെ, വിജ്ഞാനത്തിനും ഇസ്ലാമിനും മുസ്ലീങ്ങൾക്കും ഗണ്യമായ സംഭാവനകൾ നൽകിയ ഒരു വിശിഷ്ട പണ്ഡിതനെയാണ് രാജ്യത്തിനും ഇസ്ലാമിക ലോകത്തിനും നഷ്ടമായതെന്നും പ്രസ്താവന അനുസ്മരിച്ചു.
ജന്മനാ അന്ധനായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് മത വിജ്ഞാന രംഗത്തെ അത്ഭുതമായിരുന്നു.
ഭരണാധികാരിയും കിരീടാവകാശിയും പരേതന്റെ കുടുംബത്തിനും, സൗദി ജനതയ്ക്കും, ഇസ്ലാമിക ലോകത്തിനും അനുശോചനം രേഖപ്പെടുത്തുന്നതായും പറഞ്ഞ റോയൽ കോർട്ട് പ്രസ്താവന പരേതാത്മാവിന് പാരത്രിക വിജയത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു.