ജുബൈൽ: 2016 ജൂലൈ ഏഴിന് കിഴക്കൻ സൗദിയിലെ ജുബൈൽ നഗരത്തിൽ വെച്ച് മലയാളി കൊലചെയ്യപ്പെട്ട സംഭവത്തിലെ പ്രതികളുടെ ശിക്ഷ സൗദി ആഭ്യന്തര വകുപ്പ് നടപ്പാക്കി.
കോഴിക്കോട്, കൊടുവള്ളി, മണിപുരം, ചുള്ളിയാട്ട് പൊയിൽ വീട്ടിൽ അഹമ്മദ് കുട്ടി - ഖദീജ ദമ്പതികളുടെ മകൻ സമീർ കൊല്ലപ്പെട്ട കേസിൽ ഒരു മലയാളിയും നാല് സൗദി പൗരന്മാരുമാണ് പ്രതികൾ.
അഞ്ചു പേർക്കും വധശിക്ഷയാണ് കോടതി വിധിച്ചത്. അഞ്ചു പേരുടെയും വധശിക്ഷ ജുബൈലിൽ വെച്ച് ബുധനാഴ്ചയാണ് നടപ്പാക്കിയത്.
തൃശൂർ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദീഖ് ആണ് സംഭവത്തിലെ മലയാളിയായ പ്രതി. മറ്റു നാല് പ്രതികൾ സൗദി പൗരന്മാരാണ്.
ഒരു പെരുന്നാൾ ദിവസമായിരുന്നു കൊലപാതകം അരങ്ങേറിയത്. പണം തട്ടുകയെന്ന ഉദ്യേശത്തോടെ പ്രതികൾ സമീറിനെ തട്ടിക്കൊണ്ടുപോവുകയും കൊലപ്പെടുത്തിയ ശേഷം പുതപ്പിൽ മൂടിക്കെട്ടി വഴിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞുവെന്നുമാണ് കേസ്.
ജുബൈലിലെ വർക്ക്ഷോപ്പ് ഏരിയയിലാണ് സമീറിന്റ മൃതദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹം എന്ന നിലയിൽ കണ്ടെത്തിയ ഭാഗത്തെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് സംഭവം ചുരുളഴിഞ്ഞതും പ്രതികൾ പിടിയിലായതും.
ജുബൈൽ പൊലീസിലെ കുറ്റാന്വേഷണ വകുപ്പ് കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപവത്കരിക്കുകയും ദിവസങ്ങൾക്കകം ഉദ്യമം പൂർത്തിയാക്കുകയുമായിരുന്നു.
സാമൂഹ്യ വിരുദ്ധർ അടങ്ങുന്ന സംഘത്തിലെ അംഗങ്ങളാണ് പ്രതികളായ സൗദി പൗരന്മാർ. ഇവരുടെ സഹായിയാണ് പ്രതിയായ മലയാളി.